അങ്കമാലി: ബൈക്കിൽ അമിതവേഗതയിൽ പോയത് ചോദ്യം ചെയ്തതിന് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു. ശിവജിപുരം മേയ്ക്കാട്ട് മാലിയിൽ രാജന്റെ മകൻ അനുവിനാണ് (40)വെട്ടേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതോടെ ശിവജിപുരം അമ്പലത്തിന് സമീപമായിരുന്നു സംഭവം. അനുവിനെ വെട്ടിപരിക്കേൽപ്പിച്ച സൗത്ത് കിടങ്ങൂർ അമ്പാടൻ വീട്ടിൽ സന്ദീപിനെ (25) അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. അനുവും സുഹൃത്തുക്കളും റോഡരികിൽ സംസാരിച്ച് നിൽക്കുമ്പോഴാണ് സന്ദീപ് ബൈക്കിൽ വേഗതയിൽ പോയത്. ഇത് ചോദ്യം ചെയ്തപ്പോൾ സന്ദീപ് മീൻ വെട്ടുന്ന കത്തികൊണ്ട് അനുവിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിനുശേഷം ബെക്കിൽ യാത്ര തുടർന്ന സന്ദീപ് ചെങ്ങലിലെത്തിയപ്പോൾ അപകടത്തിൽ പെട്ടു. സന്ദീപിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ സന്ദീപിനെ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുഖത്ത് വെട്ടേറ്റ അനു കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.