വൈപ്പിൻ: കടൽത്തീരമായ പുതുവൈപ്പിൽ നിന്ന് മഞ്ഞുമലകളുടെ നാടായ ലഡാക്കിലേക്ക് 9 ബൈക്കുകകളിലായി 14 അംഗ സംഘം പുറപ്പെട്ടു. 25 ന് പുറപ്പെട്ട സംഘം അടുത്ത 25 ന് ലഡാക്കിലെത്തും. പകൽ സമയത്താണ് ഓട്ടം മുഴുവൻ. രാത്രിയിൽ ഭക്ഷണം പാകം ചെയ്യലും വസ്ത്രം കഴുകലും മാത്രം. ഏഴ് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബീച്ചുകളിൽ മേളകൾ നടക്കുമ്പോൾ ഇവർ സ്റ്റാളുകൾ നടത്തി അതിൽ നിന്ന് സ്വരൂപിച്ച പണമാണ് യാത്രക്കായി കണ്ടെത്തിയത്.
28 വയസുകാരൻ മുതൽ 42 കാരൻ വരെ സംഘത്തിൽ ഉണ്ട്. പല തവണയായി പല സംസ്ഥാനങ്ങളിലും ബൈക്കിൽ പര്യടനം നടത്തിയിട്ടുള്ള രതീഷ് ആണ് ക്യാപ്റ്റൻ. പി.എസ്.വിഷ്ണു, ടി.എ. വിഷ്ണു, സുമേഷ്, മനു, ജയൻ, നിഖിൽദാസ്, ജോസ്, ജൂഡ്, പ്രവീൺ കുമാർ, സുജിത്, ഉദയൻ, റുജിൻ, സുജേഷ് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. മെക്കാനിക്കുകൾ, വെൽഡർമാർ, ജെ.സി.ബി. ഓടിക്കുന്നവർ, ഡ്രൈവർമാർ തുടങ്ങി വിവിധ ജോലികൾ ചെയ്ത് ജീവിതം മുന്നോട്ട് നയിക്കുന്നവരാണിവർ. എല്ലാവരും സൗത്ത് പുതുവൈപ്പ് സ്വദേശികളാണ്. രംഗകല എന്ന ക്ലബാണ് പിന്തുണയുമായി പിന്നിലുള്ളത്. ക്ലബിന്റെ ആഭിമുഖ്യത്തിൽ യാത്രികർക്ക് യാത്രയയപ്പ് നല്കി.
കൊച്ചി, ഊട്ടി, കർണാടക, ഗോവ, മുംബൈ, സൂറത്ത്, അജ്മീർ, പഞ്ചാബ്, ജമ്മു കശ്മീർ വഴി കാർഗിലെത്തി അവിടെ നിന്നുമാണ് ലഡാക്കിലെത്തുക. നവംബർ അഞ്ചിന് നാട്ടിൽ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്.