town-rail
എറണാകുളംടൗൺ റെയിൽവേസ്റ്റേഷൻ പുനർനിർമ്മാണപദ്ധതി

തിരുവനന്തപുരം: രാജ്യത്തെ 199 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിച്ച് പുനർനിർമ്മിക്കാനുള്ള പദ്ധതിയിൽ കേരളത്തിൽ നിന്ന് രണ്ടു സ്റ്റേഷനുകൾ കൂടി പരിഗണിച്ചേക്കും. തൃശ്ശൂർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകൾ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താനാണ് നീക്കം.

ആദ്യഘട്ടത്തിൽ എറണാകുളം ജംഗ്ഷൻ, എറണാകുളംടൗൺ, കൊല്ലം സ്റ്റേഷനുകളുടെ പദ്ധതിയാണ് തുടങ്ങിയത്. എറണാകുളം ജംഗ്ഷൻ, എറണാകുളംടൗൺ റെയിൽവേ സ്റ്റേഷനുകളിൽ 671കോടി രൂപയുടെ പദ്ധതികളാണ് തുടങ്ങിയത്.

പുതുതായി നിർമ്മിക്കുന്ന
കെട്ടിടസമുച്ചയങ്ങളിൽ ഏറെയും വ്യാപാര ആവശ്യങ്ങൾക്കായി തുറന്നുകൊടുക്കും. കെട്ടിടസമുച്ചയങ്ങൾ നിർമിച്ചാണ് തെക്കുവശത്തും വടക്കുവശത്തും ടെർമിനൽ സ്ഥാപിക്കുന്നത്. ഇതിൽ 110 മീറ്റർ നീളത്തിലും 36മീറ്റർ വീതിയിലുമായി ശീതീകരിച്ച റൂഫ് പ്ലാസ ഒരുക്കും.
പ്ലാറ്റ്‌ഫോമുകൾക്ക് അത്യാധുനിക മേൽക്കൂര,റിസർവേഷൻ, ഭരണനിർവഹണം എന്നിവയ്ക്ക് പ്രത്യേകകെട്ടിടം,ചരക്കുനീക്കത്തിന് പ്രത്യേകമായിട്രോളിയും എസ്‌കലേറ്ററും, മൾട്ടിലെവൽ പാർക്കിംഗ് സൗകര്യം, ആധുനികസുരക്ഷാസംവിധാനം, സിസിടിവി, അഗ്നിരക്ഷാസാങ്കേതിക സംവിധാനം, ഇരിപ്പിടം എന്നിവയും ഒരുക്കും.

എറണാകുളം സൗത്ത്–നോർത്ത് റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കാനുള്ള പ്രാഥമികനടപടികളും ആരംഭിച്ചു. പ്രധാന ഓഫീസുകൾ പലതും മാറ്റിത്തുടങ്ങി. ഈ ജോലി പൂർത്തിയായശേഷം കെട്ടിടങ്ങൾ പൊളിക്കും. മൂന്നുഘട്ടമായാണ് പുതിയവ പൂർത്തിയാക്കുക.

സൗത്തിൽ കിഴക്കേകവാടത്തിനുസമീപമുണ്ടായിരുന്ന എൻജിനിയറിംഗ് വിഭാഗത്തിന്റെ ഡിപ്പോ മാറ്റി. ഇവിടെ പുതിയകെട്ടിടവും പാർക്കിംഗ് സൗകര്യവുംവരും. മുഖ്യകവാടത്തിനുമുന്നിൽ ഫുഡ്പ്ലാസ മുതൽ ആർ.പി.എഫ് ഓഫീസുവരെ കെട്ടിടംപൊളിച്ച് പുതുതായി നിർമ്മിക്കും. സ്‌റ്റേഷൻ മാസ്റ്ററുടെയും മാനേജരുടെയും ഓഫീസുകൾ മാറ്റാനുള്ള ജോലികൾ ആരംഭിച്ചു.റിസർവേഷൻ ഓഫീസിനുസമീപത്തേക്കാണ് മാറ്റുന്നത്. ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ പൊളിക്കലും പാഴ്സൽ ഓഫീസിനുസമീപം ബഹുനില കാർപാർക്കിംഗ് നിർമ്മാണവും ആരംഭിച്ചു.

നോർത്ത് സ്‌റ്റേഷനിൽ നവീകരണത്തിന് ഭൂമിയേറ്റെടുക്കൽ ഉത്തരവ് ഉടനുണ്ടാകും.ഓഫീസുകൾ മാറ്റാനുള്ള നടപടിഅതിന് ശേഷം ആരംഭിക്കും.
പാഴ്സൽ ഓഫീസ് പുറത്തേക്കുള്ള കവാടത്തിനുസമീപത്തേക്കാണ് മാറ്റുക. ടിടിഇമാർക്കുള്ള വിശ്രമമുറി,ഡിവൈഎസ്പി, ജിആർപി ഓഫീസ് എന്നിവ സ്‌റ്റേഷനിലെ വിശ്രമമുറിയിലേക്കും സ്‌റ്റേഷൻ മാസ്റ്റർ ഓഫീസ് ഒഴിഞ്ഞുകിടക്കുന്ന ഡിവൈഎസ്എംആർ റൂമിലേക്കും ജീവനക്കാരുടെ വിശ്രമമുറി, ഡ്യൂട്ടി സ്‌റ്റേഷൻ മാസ്റ്റർ റൂം എന്നിവ ഒഴിഞ്ഞുകിടക്കുന്ന വിശ്രമമുറിയിലേക്കുമാണ് മാറ്റുക.

സൗത്ത് സ്റ്റേഷന്റെ നിർമാണം 24മാസത്തിനകവും നോർത്ത് സ്റ്റേഷൻ 36മാസത്തിനകവും പൂർത്തിയാക്കും.ട്രെയിൻ സർവീസുകളെ ബാധിക്കാതെയാകും നിർമ്മാണം.