മട്ടാഞ്ചേരി:കൊച്ചി കായലിൽ പ്ളാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ഒഴുകിയെത്തുന്നത് ജലയാനങ്ങൾക്ക് ഭീഷണിയാകുന്നു.ഇതുമൂലം റോ-റോ വെസൽ യന്ത്ര തകരാറാകുന്നതും പതിവായിരിക്കുകയാണ്.
ഇന്നലെയും സേതുസാഗർ ഒന്ന് വെസലിലെ പ്രൊപ്പല്ലറിൽ മാലിന്യങ്ങൾ ചുറ്റിയതിനാൽ സർവീസ് മുടങ്ങി. വൈകിട്ട് ആറ് മണിയോടെയാണ് സർവീസ് മുടങ്ങിയത്. ഇതു കാരണം ഫെറിയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസവും റോ- റോ വെസലിൽ മാലിന്യങ്ങൾ ചുറ്റിയതിനെ തുടർന്ന് മൂന്ന് മണിക്കൂറോളം സർവീസ് നിലച്ചിരുന്നു. ഈ സാഹചര്യത്തിൽ മൂന്നാമത്തെ റോ- റോ എത്രയും വേഗം വേണമെന്ന ആവശ്യമാണ് യാത്രക്കാർ ഉന്നയിക്കുന്നത്.