കൊച്ചി: മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കേരളകൗമുദിയുടെ ഇടപെടൽ കാലികപ്രസക്തവും അഭിനന്ദനാർഹവുമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജ്, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ, റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെ ഫിസാറ്റ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ബോധപൗർണമി ' ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന്. ഇതിനെതിരെ ഒക്ടോബർ 2 മുതൽ നവംബർ 1വരെ നീണ്ടുനിൽക്കുന്ന ശക്തമായ ബോധവത്കരണത്തിന് സംസ്ഥാന സർക്കാർ തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. അതിനുമുമ്പേ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായ കേരളകൗമുദിയുടെ പ്രവർത്തനം ശ്ലാഘനീയമാണ്. കോളേജുകളിൽ മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്താൻ തയ്യാറുള്ള ഊർജ്ജസ്വലരായ എൻ.എസ്.എസ്, എൻ.സി.സി അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിക്കും. ഓരോ കോളേജിൽനിന്നും 20 വിദ്യാർത്ഥികളെവീതം പങ്കെടുപ്പിച്ച് സംസ്ഥാനാടിസ്ഥാനത്തിൽ 2 ദിവസത്തെ പരിശീലനം നൽകി മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ മുന്നണിപ്പോരാളികളാക്കും. ഒക്ടോബർ 2ന് എല്ലാ വിദ്യാലയങ്ങളിലും ബോധവത്കരണ പരിപാടി സംഘടിക്കും. അതിനുമുമ്പ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ, എക്സൈസ്, പൊലീസ്, ആരോഗ്യം തുടങ്ങി എല്ലാ വിഭാഗങ്ങളേയും ഉൾപ്പെടുത്തി ജാഗ്രതാസമിതി രൂപീകരിക്കണം. 2ന് പൊതുഅവധി ദിവസമാണെങ്കിലും രാവിലെ 9.30ന് എല്ലാ വിദ്യാലയത്തിലും ചടങ്ങ് സംഘടിപ്പിക്കും. 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ. നവംബർ 1 വരെ കലാജാഥ ഉൾപ്പെടെ വിവിധ പരിപാടികളും സംഘടിപ്പിക്കും.

അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മയെ നേരിടാനുള്ള പ്രവർത്തനപരിപാടിയുമായി സർക്കാർ മുന്നോട്ടുപോകുന്ന സന്ദർഭത്തിലാണ് മയക്കുമരുനന്നിന്റെ അതീവഭീകരാവസ്ഥ തിരിച്ചറിഞ്ഞത്. കലാലയങ്ങളിലെ വിദ്യാർത്ഥികൾ മാരകമായ വിപത്തിന് അടിമകളായിക്കൊണ്ടിരിക്കുന്നു എന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. യുവജനങ്ങളുടെ സർഗ്ഗാന്മകതയുടെ വേരറുത്തുകളയുകയും എല്ലാ കർമ്മശേഷിയേയും ചിന്താശേഷിയേയും മരവിപ്പിച്ച് നിറുത്തുന്ന തരത്തിൽ നമ്മുടെ കുട്ടികളെ മയക്കിക്കിടത്തുന്ന മാരകവിപത്തിനെതിരായ പ്രതിരോധത്തിന്റെ കൂട്ടായ പരിച ഉയർത്തിപ്പിടിക്കുക എന്ന സാമൂഹികമായ ഉത്തരവാദിത്വത്തിനാണ് കേരളം ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ബോധവത്കരണപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇരുചക്രവാഹനറാലി മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

കോളേജ് ഓ‌ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിറ്റ് അദ്ധ്യക്ഷത വഹിച്ചു. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, മദ്ധ്യമേഖലാ എക്സൈസ് ജോ. കമ്മീഷണർ പി.കെ. സനു, എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ, കോളേജ് പ്രിൻസിപ്പൽ ജോ. മനോജ് ജോർജ്, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് അംഗം ജെസ്റ്റി ദേവസിക്കുട്ടി, റോട്ടറി ക്ലബ് പ്രസിഡന്റ് പോൾ വർഗീസ്, മുൻപ്രസിഡന്റ് ടി.കെ. തോമസ്, കേരളകൗമുദി റീഡേഴ്സ് ക്ലബ്ബ് മേഖലാ പ്രസിഡന്റ് സജി ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ സൈക്കാട്രിക് കൺസൽട്ടന്റ് ഡോ. എച്ച്. നീരജ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. കേരളകൗമുദി യൂണിറ്റ് ചീഫ് പ്രഭുവാര്യർ സ്വാഗതവും അങ്കമാലി ലേഖകൻ സുരേഷ് അങ്കമാലി നന്ദിയും പറഞ്ഞു.