വ്യക്തികൾക്ക് അവനവനിലുള്ള സ്വാതന്ത്ര്യവും വിവേചനബുദ്ധിയും ഇല്ലാതാക്കുന്ന മാരക വിപത്താണ് മയക്കുമരുന്ന്. ആരോട് എങ്ങനെ പെരുമാറണം, എന്ത് പഠിക്കണം, എവിടെ പോകണം എന്ന തിരിച്ചറിവ് മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കുന്നുവെന്ന് മദ്ധ്യമേഖലാ എക്സൈസ് ജോ. കമ്മീഷണർ പി.കെ. സനു പറഞ്ഞു.
വിദ്യാർത്ഥിയായിരിക്കുമ്പോഴത്തെ സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോ വ്യക്തിയുടേയും ഭാവി നിർണയിക്കപ്പെടുന്നത്. നിർഭാഗ്യവശാൽ മയക്കുമരുന്ന് മാഫിയ ലക്ഷ്യംവയ്ക്കുന്നതും നമ്മുടെ വിദ്യാർത്ഥികളെയാണ്. ഉത്സവപ്പറമ്പിലെ കച്ചവടക്കാരുടെ മനോഭാവത്തിലാണ് മയക്കുമരുന്ന് വ്യാപാരികൾ വിദ്യാലയങ്ങളെ കാണുന്നത്. നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ മയക്കുമരുന്നിന് വിപണി കണ്ടെത്താൻ എളുപ്പമാണ്. തെറ്റും ശരിയും കൃത്യമായി വിശകലനം ചെയ്യാൻ പക്വതയില്ലാത്ത പ്രായത്തിൽ കൂട്ടുകാരുടെ നിർബന്ധത്തിലും പുറത്തുനിന്നുള്ള പ്രലോഭനത്തിലും വീണുപോകുന്ന വിദ്യാർത്ഥികളെ മാഫിയാസംഘം വലയിലാക്കുന്നു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതുകൊണ്ട് ആർക്കും ഒരു ഗുണവുമില്ല. അതേസമയം നിരവധി ദോഷങ്ങൾ ഉണ്ടുതാനും. ചെറിയ അളവിൽ മയക്കുമരുന്ന് കൈവശംവച്ചാൽപോലും 10വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നല്ലനിലയിൽ പഠിച്ച് മുന്നേറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾപോലും കുരുക്കിൽ അകപ്പെട്ട് ജീവിതം നശിച്ചുപോകുന്ന അവസ്ഥയിലാണ്. വിദ്യാർത്ഥികൾക്കിടയിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അവരെ സംബന്ധിച്ച വിവരങ്ങൾ വിദ്യാലയ അധികൃതരെയൊ എക്സൈസ് വകുപ്പിനേയോ അറിയിക്കാൻ സഹപാഠികൾ തയ്യാറാകണം. വർത്തമാനകാല സാമൂഹ്യസാഹചര്യം നേരിടുന്ന ഏറ്റവും സങ്കീർണ്ണമായ വിപത്താണ് മയക്കുമരുന്ന് വ്യാപനം. അതിനെതിരെ ബോധവത്കരണം സംഘടിപ്പിക്കാൻ മുന്നോട്ടുവന്ന കേരളകൗമുദിയേയും ഫിസാറ്റിനേയും അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിനേയും റോട്ടറി ക്ളബിനേയും പ്രത്യേകം അഭിനന്ദിക്കുന്നു.