ചെറിയ അളവിലായാലും മയക്കുമരുന്ന് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും അത്തരക്കാരെ ഏതെങ്കിലും രീതിയിൽ സഹായിക്കുന്നതും തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് വിമുക്തി റിസോഴ്സ് പേഴ്സൺകൂടിയായ എക്സൈസ് പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ പറഞ്ഞു. ബോധപൗർണമിയിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
ആദ്യത്തെതവണ 10വർഷംമുതൽ 20വർഷംവരെ തടവും തെറ്റ് ആവർത്തിച്ചാൽ വധശിക്ഷവരെ ലഭിക്കാവുന്നതും മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടാവുന്നതുമായ കുറ്റകൃത്യമാണ് മയക്കുമരുന്ന് വ്യാപാരം. പെട്ടെന്ന് പണം സമ്പാദിക്കാം, കൂട്ടുകൂടാം, ആർഭാടമായി ജീവിക്കാമെന്നൊക്കെക്കരുതി ഈ വഴിയിലേക്ക് തിരിയുന്നവരുടെ ജീവിതം എന്നെന്നേക്കുമായി ഇരുളടയുകയാണെന്നകാര്യം വിസ്മരിക്കരുത്. മയക്കുമരുന്ന് കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും മാത്രമല്ല അതുമായി ബന്ധപ്പെട്ട ഗൂഢാലോചനപോലും ശിക്ഷാർഹമാണ്. മന:പൂർവ്വമല്ലാതെയും ഗൂഢാലോചന കുറ്റത്തിൽ അകപ്പെടാൻ സാദ്ധ്യതയുണ്ട്. കേസിൽ പ്രതികളാകുന്ന വ്യക്തികളെ ജാമ്യത്തിലിറക്കാൻ സഹായിക്കുകയോ അയാളുമായി ഏതെങ്കിലും സാമ്പത്തിക ഇടപാടുകൾ നടത്തുകയോചെയ്താൽപ്പോലും നിയമത്തിന്റെ കണ്ണിൽ ഗൂഢാലോചനയാകാം. മയക്കുമരുന്ന് വിപണനം നടത്തുന്ന ആളുകളുമായി ഗൂഗിൾപേ ഉൾപ്പെടെ ഏതെങ്കിലും ഇലക്ട്രോണിക്സ് മാദ്ധ്യമംവഴി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ സാഹചര്യത്തെളിവിന്റ അടിസ്ഥാനത്തിൽ നിങ്ങളും കൂട്ടുപ്രതിയാകാം. വഴിയിൽ കാണുന്ന അപരിചിതരുടെ ഇരുചക്രവാഹനത്തിന് പിന്നിൽ ലിഫ്റ്റ് ചോദിച്ച് യാത്രചെയ്യുന്നവരും അപരിചിതർക്ക് വാഹനത്തിലോ വീട്ടിലോ അഭയം നൽകുന്നവരും മനസറിയാതെ മയക്കുമരുന്ന് വ്യാപാരത്തിന്റെ പേരിൽ കുറ്റവാളിയാകാനുള്ള സാദ്ധ്യതയുണ്ട്. തെറ്റ് ചെയ്തില്ലെന്ന് തെളിയിക്കാൻ ഏറെ പ്രയാസമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ കൈയിൽ ഒന്നുമില്ലെന്ന് കരുതി കുറ്റവിമുക്തനാകണമെന്നില്ല. കൂടെറിഞ്ഞാലോ വലിച്ചെറിഞ്ഞാലോ ശരീരത്തിൽനിന്ന് പോകുന്നതല്ല മയക്കുമരുന്നിന്റെ സാന്നിദ്ധ്യം. ഒരിക്കൽ ഉപയോഗിച്ചാൽ നഖത്തിലും തലമുടിയിലും ശരീരശ്രവങ്ങളിലും ഇതിന്റെ സാന്നിദ്ധ്യം ദിവസങ്ങളോളം നിലനിൽക്കും. ശാസ്ത്രീയമായ പരിശോധനകളിലൂടെ മയക്കുമരുന്നിന്റെ സാന്നിദ്ധ്യം തെളിയിക്കാനാകും.
കുട്ടികളിൽ കാണുന്ന സ്വഭാവവൈകൃതം, ലഹരിയെക്കുറിച്ച് കൂടുതൽ സംസാരിക്കുക, ബാത്ത് റൂമിൽ വരച്ചുവയ്ക്കുക, പകലുറക്കം, കണ്ണിന്റെ ചുവപ്പുനിറം, അമിതമായ ക്ഷീണം തുടങ്ങിയ എല്ലാ ലക്ഷണങ്ങളെല്ലാം മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കൊണ്ടാകാം. ഇത്തരത്തിൽ എന്ത് കണ്ടാലും നിസാരമായി അവഗണിക്കരുത്. മക്കൾ അങ്ങനെയൊന്നും ചെയ്യില്ലെന്ന വിശ്വാസം നല്ലതാണ്. പക്ഷേ അമിതമായ ആത്മവിശ്വാസം ആപത്തായിരിക്കും. സ്വന്തം മക്കളായാലും മയക്കുമരുന്നിന്റെ വലയിലായെന്ന് തിരിച്ചറിഞ്ഞാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. കൈവിട്ടുപോയാൽ കൗൺസിലിംഗോ മോട്ടിവേഷനോ സാരോപദേശങ്ങളോ ഫലപ്രദമാകണമെന്നില്ല. സാധാരണനിലയിൽ മനുഷ്യന് പ്രകൃതിദത്തമായി ആർജ്ജിക്കാനാകുന്ന എല്ലാ സന്തോഷങ്ങളും ഇല്ലാതാക്കുന്ന വിപത്താണ് മയക്കുമരുന്നെന്ന് തിരിച്ചറിയണം.