thazhath
എറണാകുളം അങ്കമാലി അതിരൂപതയുടെ വൈദിക സമിതി യോഗത്തിൽ നിന്ന് മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പൊലീസ് അകമ്പടിയോടെ മടങ്ങുന്നു

കൊച്ചി: കുർബാനയെച്ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയുടെ വൈദിക സമിതി യോഗത്തിൽ സംഘർഷം. യോഗത്തിൽ നിന്ന് മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഇറങ്ങിപ്പോയി. പൊലീസ് സംരക്ഷണത്തിൽ അതിരൂപതാ കൂരിയ യോഗത്തിൽ പങ്കെടുത്ത അദ്ദേഹം തൃശൂരിലേക്ക് മടങ്ങി.

പുന:സംഘടിപ്പിച്ച വൈദിക സമിതിയിലെ ഭൂരിപക്ഷവും ജനാഭിമുഖ കുർബാനയെ പിന്തുണയ്ക്കുന്നവരാണ്. ജനാഭിമുഖ കുർബാനയേ അർപ്പിക്കൂവെന്ന് യോഗത്തിൽ വൈദികർ അറിയിച്ചു. ഇതിനായി പ്രത്യേക അനുമതിക്ക് വത്തിക്കാനിലേക്ക് റിപ്പോർട്ട് നൽകണമെന്ന് വൈദികർ ആവശ്യപ്പെട്ടത് അംഗീകരിക്കാൻ ആൻഡ്രൂസ് താഴത്ത് തയ്യാറായില്ല. പ്രതിഷേധം മുറുകിയതോടെ ആർച്ച് ബിഷപ്പ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

പരിഷ്‌കരിച്ച കുർബാന അർപ്പിക്കില്ലെന്ന ഉറച്ച നിലപാട് വൈദികർ തുടരുന്നതാണ് സംഘർഷത്തിന് കാരണം. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വിഭാഗവും ബിഷപ്പ് ഹൗസിൽ തടിച്ചുകൂടിയിരുന്നു.

വിശ്വാസികൾക്ക് ആവശ്യമില്ലാത്ത കുർബാന അടിച്ചേൽപ്പിച്ചാലും അംഗീകരിക്കില്ലെന്ന് അൽമായ മുന്നേറ്റം ഭാരവാഹികൾ അറിയിച്ചു. വത്തിക്കാന്റെയോ മാർപ്പാപ്പയുടെയോ പേരിൽ ഏതുതരം ഉത്തരവുകൾ പുറത്തിറക്കിയാലും തള്ളിക്കളയും. വൈദിക സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ ആർച്ച് ബിഷപ്പുമായി സഹകരിക്കില്ലെന്നും മുന്നേറ്റം യോഗം അറിയിച്ചു.

യോഗത്തിൽ മുന്നേറ്റം കൺവീനർ ജെമി അഗസ്റ്റിൻ, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.