മയക്കുമരുന്നിനെതിരായ പ്രതിജ്ഞ
നെഞ്ചിലേറ്റണം
ആർ. ജയചന്ദ്രൻ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ
മയക്കുമരുന്നിനെതിരായ പ്രതിജ്ഞ എല്ലാവരും നെഞ്ചിലേറ്റി തുടർജീവിതത്തിൽ മുന്നോട്ടുപോകാനുള്ള ചാലക ശക്തിയാകണം. വിദ്യാഭ്യാസം എന്നത് അറിവിന്റെ സമന്വയമാണ്. അറിവ് കേവലം ജീവിതത്തിനുവേണ്ടിയുള്ള എന്തെങ്കിലുംസൂത്രവാക്യം എന്നതിനപ്പുറം അതിജീവനത്തിനും ചുറ്റുപാടുകളുടെ സ്പന്ദനം തിരിച്ചറിഞ്ഞ് ഉപയോഗിക്കുന്നതിനുമുള്ള വിവേകമാകണം.
മാറിയ സാഹചര്യത്തിൽ മയക്കുമരുന്നിനെതിരെ രക്ഷിതാക്കളുടെ ബോധനിലവാരത്തിൽ കാതലായ മറ്റം വന്നിട്ടുണ്ട്. മക്കൾ കുറ്റവാളികളാണെന്ന് കണ്ടെത്തിയാൽ നെഞ്ചോട് ചേർത്തുനിറുത്തുന്നതിന് പകരം നിയമത്തിന്റെ മുമ്പിൽ എത്തിക്കാൻ തയ്യാറാകുന്നുണ്ട്. അത് ചുറ്റുപാടുകളുടെ സ്പന്ദനങ്ങൾ അറിഞ്ഞുള്ള വിവേകപൂർണമായ തീരുമാനമാണ്.
സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗം:
പി.ആർ. ഷിമിറ്റ്, ചെയർമാൻ ഫിസാറ്റ്
മയക്കുമരുന്നിനെതാരായ പോരാട്ടത്തിൽ അണിചേരുക എന്നത് ഫിസാറ്റിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണ്. ബോധപൗർണമി നമ്മുടെ ബോധമണ്ഡലത്തെ ഉദ്ദീപിപ്പിക്കുന്നുണ്ടെങ്കിൽ അതുതന്നെയാണ് മുന്നോട്ട് പ്രചരിപ്പിക്കേണ്ട കാര്യം. സർക്കാർ ഈ കാര്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിലും നാം ഓരോരുത്തരും യോദ്ധാക്കളാകണം. മയക്കുമരുന്നിനെതിരായ പ്രതിജ്ഞ സ്വയം ഏറ്റെടുക്കുന്നതിനൊപ്പം ഈ പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവരെ ബോധവത്കരിക്കുകുയം വേണം.
ബോധപൗർണമി ഒരുദിവസം ഒതുക്കി നിറുത്തേണ്ട പരിപാടിയല്ല. ജീവിതത്തിൽ ഉടനീളം പിന്തുടരണം. ഈ പരിപാടി സംഘടിപ്പിക്കാൻ മുൻകൈയെടുത്ത കേരളകൗമുദിയെ പ്രത്യേകം അഭിനന്ദിക്കുന്നു.
ബോധവത്കരണം പോംവഴി
ബിജു പാലാട്ടി, പ്രസിഡന്റ്, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
ഒക്ടോബർ 1 മുതൽ നവംബർ 1 വരെ ഗ്രാമപഞ്ചായത്തിലും നിരവധി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. മൂക്കന്നൂർ ഗ്രാമം മയക്കുമരുന്നിന്റെ കാര്യത്തിൽ അത്രസുരക്ഷിത മേഖലയല്ലെന്ന വസ്തുത വേദനാജനകാണ്. ലഹരി ഉപയോഗം ഈ നാട്ടിലെ വിദ്യാലയങ്ങളിൽ ഉണ്ട്. അവരെ കണ്ടെത്തി അതിൽനിന്ന് മോചിപ്പിക്കുക എന്നത് അത്ര എളുപ്പവുമല്ല. എക്സൈസ് ഡിപ്പാർട്ടുമെന്റിന്റെ പരിമിതികളും അതിന് തടസമാണ്. അതുകൊണ്ട് ബോധവത്കരണം മാത്രമാണ് ശരിയായ പോംവഴി. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ബോധവത്കരണ പരിപാടികളുമായി എല്ലാവരും സഹകരിക്കണം.
സ്വന്തം മക്കളെ പൊലീസ് സ്റ്റേഷനിൽ ചെന്നുകാണാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നില്ല. മാർക്ക് അൽപ്പം കുറഞ്ഞാലും നല്ല പൗരന്മാരായി മാറണമെന്നാണ് എല്ലാവരും കൊതിക്കുന്നത്. വിദ്യാർത്ഥികൾ സ്വന്തം ചുമതല പഠനമാണെന്ന തിരിച്ചറിവോടെ സ്വന്തം കുടുംബത്തിനും സമൂഹത്തിനും മാതൃകയായി പ്രവർത്തിക്കണം.