കൊച്ചി: പോപ്പുലർ ഫ്രണ്ടിന് നിരോധനമേർപ്പെടുത്തുകയും നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തതിനെത്തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്തി സംഘടനയുടെ ശക്തികേന്ദ്രമായ കൊച്ചിയിലും പരിസരമേഖലകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ജൂത ആരാധനാകേന്ദ്രമായ മട്ടാഞ്ചേരി സിനഗോഗും ഫോർട്ടുകൊച്ചിയടക്കമുള്ള വിനോദസഞ്ചാര മേഖലകളുമുള്ള കൊച്ചിയുടെ പ്രാധാന്യം കണക്കിലെടുത്ത് പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കാത്തവിധമാണ് പൊലീസിന്റെ മുൻകരുതൽ.
പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ പട്രോളിംഗ് സംഘങ്ങളെയും മഫ്തി പൊലീസിനെയും നിയോഗിച്ചു. സമൂഹമാദ്ധ്യമങ്ങളിലെ തീവ്രപ്രതികരണങ്ങൾക്കുപുറമേ പ്രകോപനകരമായ ചുവരെഴുത്തുകളും മറ്റും നഗരത്തിലുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ദിവസവും സ്ഥിതിഗതി വിലയിരുത്തുന്നു.
ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ, പറവൂർ, പള്ളുരുത്തി മേഖലകൾ പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്.
അതേസമയം ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) മുന്നറിയിപ്പ് അനുസരിച്ച് തമിഴ്നാട്ടിലെയും മറ്റ് അയൽ സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാര മേഖലകൾ കർശന നിരീക്ഷണത്തിലാണ്. ഇസ്രയേൽ പൗരന്മാർ ധാരാളമെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ് തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ വട്ടക്കനാൽ. രാഷ്ട്രീയ നേതാക്കൾ, ജഡ്ജിമാർ, മതനേതാക്കൾ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും എൻ.ഐ.എ നിർദേശം നൽകിയിട്ടുണ്ട്.
തിരക്കൊഴിയാതെ
നഗരം
കൊച്ചിയിലെ വിനോദസഞ്ചാരമേഖലകളിൽ ഇന്നലെയും തിരക്കിന് കുറവില്ല. മുഴുവൻസമയവും പൊലീസ് പട്രോളിംഗുണ്ട്. ഫോർട്ടുകൊച്ചിയിൽ ആഭ്യന്തര വിനോദസഞ്ചാരികളടക്കം പതിവുപോലെ വരുന്നുണ്ടെങ്കിലും കച്ചവടം ഉഷാറാകുന്നില്ലെന്നാണു കച്ചവടക്കാരുടെ പരാതി.
നിരീക്ഷണം ശക്തമാക്കിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ല. നഗരത്തിൽ എല്ലാം സാധാരണപോലെ തുടരുന്നു.
വി.ജി. രവീന്ദ്രനാഥ്, മട്ടാഞ്ചേരി അസി. കമ്മീഷണർ
എറണാകുളം ജില്ലയിലെത്തുന്ന സന്ദർശകരുടെ എണ്ണം കൂടി. ഈ വർഷം ജൂൺവരെയെത്തിയ വിദേശികൾ: 64,863. കഴിഞ്ഞവർഷം ഇതേ കാലയളവിൽ: 12,050. ജൂൺവരെയുള്ള ആഭ്യന്തര സന്ദർശകർ: 19,00447. കഴിഞ്ഞവർഷം: 5,49,446.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ