തൃക്കാക്കര: കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് സുരക്ഷിത താമസ കേന്ദ്രങ്ങളൊരുക്കുമെന്ന് വനിതാ, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറ‌ഞ്ഞു. വിവിധ ആവശ്യങ്ങൾക്ക് ജില്ലാ ആസ്ഥാനത്തും നഗരത്തിലുമെത്തി രാത്രി വൈകി തിരിച്ചുപോകാൻ സാധിക്കാത്തവർക്ക് വനിതാ, ശിശു വികസന വകുപ്പ് ആരംഭിക്കുന്ന എന്റെ കൂട് താമസകേന്ദ്രത്തിന്റെ ഉദ്ഘാടനം കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപത്തെ എന്റെ കൂട് കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വനിതാ, ശിശു വികസന കോർപ്പറേഷന്റെ ഹോസ്റ്റലുകളിലും ഇത്തരം താത്കാലിക താമസസൗകര്യമൊരുക്കുന്നുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകൾക്കുൾപ്പടെയുള്ള ഇവിടെ താമസിക്കാം. അത്തരം ഹോസ്റ്റലുകളിലും നിശ്ചിത എണ്ണം സ്ത്രീകൾക്ക് താത്കാലിക താമസ സൗകര്യങ്ങളുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതമായി താമസസ്ഥലത്ത് എത്തിച്ചേരാൻ സ്ത്രീകൾ ഓടിക്കുന്ന ടാക്‌സികളെയും പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. വനിതാ വികസന കോർപ്പറേഷന് കീഴിൽ സംസ്ഥാനത്ത് 133 ബെഡുകളാണുള്ളത്. ഹോസ്റ്റലുകളില്ലാത്ത സ്ഥലങ്ങളിലും സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഹോസ്റ്റലുകൾ സ്ഥാപിക്കും. വനിതാ വികസന കോർപ്പറേഷന്റെ 100 ബെഡുള്ള ഹോസ്റ്റൽ കാക്കനാട് അടുത്ത മാസം പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വീടുകളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറ‌ഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ഷൈനി ജോർജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ, കൗൺസിലർ വി. ഡി.സുരേഷ്, വനിതാ ശിശു വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്.എൻ. ശിവന്യ, എ.ഡി.എം എസ്. ഷാജഹാൻ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡോ.പ്രേംന മനോജ് ശങ്കർ, വനിതാ സംരക്ഷണ ഓഫീസർ എച്ച്.താഹിറ ബീവി, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.ബി.പ്രീതി തുടങ്ങിയവർ പങ്കെടുത്തു.