മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം മുതൽ നവംബർ ഒന്നു വരെ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കും. മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയോടെ ആരംഭിക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനം നവംബർ ഒന്നിന് മനുഷ്യച്ചങ്ങലയോടെ സമാപിക്കും. വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമാക്കി ലഹരി മാഫിയ നടത്തുന്ന പ്രവർത്തനം പൂർണമായും തടയിടുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. നഗരസഭാ ഓഫീസിൽ ചേർന്ന ഉന്നതതല യോഗം ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനീത് രവി ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. നഗരത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി 10ന് മുനിസിപ്പൽ കോൺഫ്രൻസ് ഹാളിൽ നഗരത്തിലെ മുഴുവൻ വിദ്യാലയ അധികൃതരുടെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെയും വിവിധ സംഘടനാ നേതാക്കളുടെയും യോഗം ചേരും. നഗരത്തിലെ മുഴുവൻ സ്കൂളുകളിലും പി.ടി.എ.യുടെ സഹായത്തോടെ ബോധവത്കരണ ക്ലാസും ലഹരിവിരുദ്ധ പ്രവർത്തനവും സംഘടിപ്പിക്കും. നവംബർ ഒന്നിന് കെ.എസ്.ആർ.ടി.സി. ജംഗ്ഷൻ മുതൽ കീച്ചേരിപ്പടിവരെ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർക്കുമെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു.