കളമശേരി: കുസാറ്റ് കാമ്പസിൽ സ്ഥാപിക്കുന്ന സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, ഫുട്ബാൾ ടർഫ് ഉൾപ്പെടെയുള്ള കായിക സൗകര്യവികസന പദ്ധതികളുടെ നിർമ്മാണോദ്ഘാടനം കായിക മന്ത്രി വി.അബ്ദുറഹ്മാൻ ഇന്ന് നിർവഹിക്കും. വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷനാകും. സംസ്ഥാനത്തെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കളമശേരി മണ്ഡലത്തിൽ സ്റ്റേഡിയം ഒരുക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് 10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, ഫുട്ബാൾ ടർഫ്, ഫിറ്റ്നസ് സെന്റർ, ക്രിക്കറ്റ് പ്രാക്ടീസ് പിച്ചുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.
സർവകലാശാലയുടെയും കളമശേരിയുടെയും കായിക സൗകര്യവികസനത്തിൽ നിർണായക പ്രാധാന്യമുള്ള പദ്ധതിയാണിത്. മികച്ച കായിക താരങ്ങളെ സൃഷ്ടിക്കാനും പൊതുജനങ്ങളിൽ കായിക സംസ്കാരം വളർത്താനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി രാജീവ് പറഞ്ഞു . എം.വിജിൻ എം.എൽ.എ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, കായിക വകുപ്പ് ഡയറക്ടർ പ്രേം കൃഷ്ണൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.