കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായ ജൂനിയർ ചേംബർ ഇന്റർനാഷനലും നെസ്‌ലെയും കൈകോർത്ത് കുട്ടമ്പുഴ പഞ്ചായത്തിലെ എല്ലാ വാർഡിലെയും എഴുന്നൂറോളം പാവപ്പെട്ടവർക്ക് അരിയും, വെളിച്ചെണ്ണയും പഞ്ചസാരയുമുൾപ്പടെ 1500 രൂപ മൂല്യമുള്ള ഭക്ഷണ സാമഗ്രികൾ അടങ്ങിയ കിറ്റുകൾ സൗജന്യമായി നൽകുന്നു.
ജേസീസ് സോൺ 20ലെ കോതമംഗലം ജേസീസ് പ്രസിഡന്റ് ഡോ. വിജിത് വി. നങ്ങേലിയുടെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നും അതത് വാർഡ് മെമ്പർമാർ തിരഞ്ഞെടുത്തിട്ടുള്ളവർക്കാണ് കിറ്റുകൾ ലഭിക്കുക.
കുട്ടമ്പുഴ പഞ്ചായത്ത് ടൗൺ ഹാളിൽ പഞ്ചായത്ത് പ്രസി​ഡന്റി​ന്റെ അദ്ധ്യക്ഷതയി​ൽ നടക്കുന്ന യോഗത്തി​ൽ ഇന്ന് ഉച്ചയ്ക്ക് 12 ന് എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിക്കും. നെസ്ലെ റീജണൽ കോർപറേറ്റ് അഫയേഴ്‌സ് മാനേജർ ജോയി സഖറിയാസ്, ഇന്ത്യൻ ജേസീസിന്റെ സോൺ 20 ന്റെ പ്രസിഡന്റ് ജോബിൻ കുര്യാക്കോസ്, സോൺ ഡയറക്ടർ വിജീഷ് നായർ, പ്രൊഫ.കെ.എം. കുര്യാക്കോസ്, രെഞ്ജിത് പോൾ, അനി ജോയി, സജിത്, എൽദോസ് സി.ജ. തുടങ്ങിയവർ സംബന്ധിക്കും.