banned

കൊച്ചി: എൻ.ഐ.എ അറസ്റ്റുചെയ്ത 11 പോപ്പുലർഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ ചോദ്യംചെയ്തശേഷം ഇന്നലെ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കി 20വരെ റിമാൻഡ് ചെയ്തു. കരമന അഷറഫ് മൗലവി (തിരുവനന്തപുരം പൂന്തുറ), സാദിഖ് അഹമ്മദ് (പത്തനംതിട്ട), ഷിഹാസ്, പി. അൻസാരി, എം.എം. മുജീബ് (മൂവരും ഈരാറ്റുപേട്ട), നജിമുദ്ദീൻ (മുണ്ടക്കയം), ടി.എസ്. സൈനുദ്ദീൻ (ഇടുക്കി പെരുവന്താനം), പി.കെ. ഉസ്‌മാൻ (തൃശൂർ പെരുമ്പിലാവ്), യഹിയ കോയതങ്ങൾ (കുന്നംകുളം), കെ. മുഹമ്മദാലി (മലപ്പുറം വളാഞ്ചേരി), സി.ടി. സുലൈമാൻ (കാസർകോട്) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

കഴിഞ്ഞ ഏഴു ദിവസം എൻ.ഐ.എ ഇവരെ കസ്റ്റഡിയിൽ ചോദ്യംചെയ്തിരുന്നു. പ്രതികളെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി പ്രത്യേക അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ പകർപ്പുകൾ പരിശോധനയ്ക്കായി ഇനിയും ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം കോടതിയിൽ അറിയിച്ചു.

കഴിഞ്ഞ 28ന് കരുനാഗപ്പള്ളിയിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ വിശദമായി ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ കസ്റ്റഡി അപേക്ഷയും നൽകി. സത്താറിനെ മൂന്നിന് ഹാജരാക്കാൻ കോടതി നിർദ്ദേശി​ച്ചു.