
ന്യൂഡൽഡി: വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം ഉറപ്പാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിൽ നിന്ന് എംഎൽഎമാരെ ബിജെപി അവരുടെ പക്ഷത്തേക്ക് മാറ്റുന്നു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് വിശ്വാസവോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ 58 എംഎൽഎമാർ ആം ആദ്മി പാർട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തു. 70 അംഗ ഡൽഹി നിയമസഭയിൽ എഎപിക്ക് 62 എംഎൽഎമാരാണുള്ളത്. ഇതിൽ രണ്ട് പേർ രാജ്യത്തിന് പുറത്തും, ഒരാൾ ജയിലിലും മറ്റൊരാൾ സ്പീക്കറുമാണ്.
ആം ആദ്മി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിൽ ബിജെപിയുടെ ഓപ്പറേഷൻ താമര പരാജയപ്പെട്ടുവെന്ന് വിശ്വാസപ്രമേയം പാസായതിന് ശേഷം കേജ്‌രിവാൾ പറഞ്ഞു. 40 എഎപി എംഎൽഎമാരെ ബിജെപി ലക്ഷ്യമിട്ടെന്നും അവർക്കെല്ലാം 20 കോടി രൂപ വീതം വാഗ്ദ്ധാനം ചെയ്തെന്നും കേജ്‌രിവാൾ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. എന്നാൽ മദ്യകുംഭകോണത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് കേജ്‌രിവാൾ രാഷ്ട്രീയ നാടകം കളിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം.