ganesh-festival
ganesh festival

റാഞ്ചി: ജാർഖണ്ഡിലെ ഗണേശ ചതുർത്ഥി ആഘോഷത്തിനെത്തിയവർ ആദ്യം ഒന്ന് അമ്പരന്നു. പിന്നെ കൗതുകത്തോടെ ആ കാഴ്ച ആസ്വദിച്ചു.

ഗണേശോത്സവത്തിന്റെ ഭാഗമായി ഭക്തർ പന്തലൊരുക്കുന്നത് പതിവാണ്. എന്നാൽ ഇത്തവണ ഗണേശനായി ജംഷെദ്പൂരിൽ ഒരുക്കിയത് ആധാറിന്റെ പ്രമേയമുള്ള പന്തലാണ്. മേൽവിലാസമായി കൈലാസവും ആറാം നൂറ്റാണ്ടിലെ ജനനതീയതിയും വച്ചിട്ടുണ്ട്. ആധാറിലുള്ള കട്ട് ഔട്ടിന്റെ ഉള്ളിൽ ഗണേശന്റെ ഒരു വിഗ്രഹവും ഉണ്ട്. അറ്റത്തുള്ള ബാർ കോ‌ഡ് സ്കാൻ ചെയ്യുമ്പോൾ ഗണേശന്റെ പടങ്ങളടങ്ങിയ ഒരു ഗൂഗിൾ ലിങ്ക് തുറക്കും. അച്ഛൻ മഹാദേവന്റെ പേരും ആധാറിൽ ഉണ്ട്. കൈലാസ പർവ്വതത്തിന്റെ മുകളിലത്തെ നിലയിൽ, മാനസസരോവർ തടാകത്തിനടുത്ത്, പിൻകോ‌ഡ് 000001 എന്നതാണ് വിലാസം. 01/01/600 സി.ഇ ആണ് ജനനതീയതി.

ഫേസ്ബുക്ക് പ്രമേയമായുള്ള ഒരു പന്തൽ കൊൽക്കത്തയിൽ കണ്ട ശേഷമാണ് ആധാർ പ്രമേയമാക്കിയാലോ എന്ന ചിന്ത ഉദിച്ചതെന്ന് പന്തൽ ഒരുക്കിയ സാരവ് കുമാർ പറഞ്ഞു. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നായിരുന്നു ആഗ്രഹം.

ദൈവത്തിന് വരെ ആധാർ ഉള്ളപ്പോൾ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എല്ലാവരും ആധാർ എടുക്കുമെന്നും സാരവ് പറഞ്ഞു. പന്തലിന് മുൻപിൽ സെൽഫികൾ എടുക്കാൻ വലിയ തിരക്കായിരുന്നു. എല്ലാ വർഷവും ആയിരക്കണക്കിന് ഭക്തരാണ് ഗണേശോത്സവം ആഘോഷിക്കുന്നത്.