
തിരുവനന്തപുരം: ഓണം അഡ്വാൻസും ബോണസുമെല്ലാം കിട്ടിത്തുടങ്ങിയതോടെ ഓണം ഷോപ്പിംഗിന്റെ തിരക്കിലാണ് നഗരം. ഇടയ്‌ക്ക് പെയ്യുന്ന മഴ അൽപ്പമൊന്ന് മടുപ്പിക്കുന്നുണ്ടെങ്കിലും ജനങ്ങൾ അത് ഗൗനിക്കുന്നില്ല. തിരുവോണത്തിന് ആറുനാൾ ബാക്കി നിൽക്കേ നഗരം ഓണത്തിരക്കിലമർന്നു കഴിഞ്ഞു.
വസ്ത്രവ്യാപാര ശാലകളിലും ഗൃഹോപകരണവില്പന കേന്ദ്രങ്ങളിലും പച്ചക്കറിക്കടകളിലുമെല്ലാം വൻതിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളിൽ കഴിഞ്ഞവർഷങ്ങളിൽ നഷ്‌ടപ്പെട്ട ആഘോഷങ്ങളെ തിരിച്ചുപിടിക്കാനുള്ള തിരക്കിലാണ് എല്ലാവരും.
നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ചാല, കിഴക്കേകോട്ട, പാളയം, സ്റ്റാച്യു, കേശവദാസപുരം എന്നിവിടങ്ങളിലും ഓണത്തിരക്ക് തന്നെ. പഴവങ്ങാടിയിലും ചാലയിലും നിരനിരയായി വഴിയോര കച്ചവടക്കാർ തുണിത്തരങ്ങളും ചെരുപ്പുകളും ഫാൻസി ഇനങ്ങളും വിൽക്കുന്നു. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഇവയ്‌ക്കും ആവശ്യക്കാർ ഏറെയാണ്. കളിപ്പാട്ടങ്ങളും ബെഡ്ഷീറ്റുകളുമൊക്കെയായി അന്യദേശക്കാരും നഗരത്തിൽ സജീവമാണ്.
വമ്പൻ ഓണം ഓഫറുകൾ നൽകിയാണ് വ്യാപാരകേന്ദ്രങ്ങൾ ജനങ്ങളെ ആകർഷിക്കുന്നത്. കടകളുടെ പ്രവർത്തനസമയം വർദ്ധിപ്പിച്ചതിനാൽ എല്ലാവർക്കും തിരക്കില്ലാതെ ഷോപ്പിംഗിന് അവസരമുണ്ട്. ഓഫീസുകളും സ്‌കൂളുകളും ഓണാഘോഷ നിറവിലാണ്. പല സംഘടനകളുടെയും നേതൃത്വത്തിൽ ജംഗ്ഷനിലും പ്രധാന സ്ഥലങ്ങളിലും ഗംഭീര പൂക്കളങ്ങളും ഒരുങ്ങിയിട്ടുണ്ട്.
പുത്തരിക്കണ്ടത്തെ ബോംബേ സർക്കസും സപ്ലൈകോ ഓണം ഫെയറിനും ആൾക്കാർ ഏറെയെത്തുന്നുണ്ട്. ഓണത്തിരക്ക് വർദ്ധിച്ചതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുണ്ട്. റോഡുകളിൽ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. സർക്കാർ ഓണാഘോഷത്തിന്റെ ഭാഗമായി കവടിയാർ, വെള്ളയമ്പലം, സ്റ്റാച്യു തുടങ്ങിയ നഗരത്തിലെ പ്രധാന വീഥികളിലെ ദീപാലങ്കാരങ്ങൾ കാണാനും ധാരാളമാളുകൾ രാത്രിയും നഗരത്തിലെത്തുന്നുണ്ട്. സർക്കാർ ഓണാഘോഷമുള്ളതു കൊണ്ട് നഗരത്തിലെ ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടും. നഗരത്തിലെ പ്രധാന മാളുകളായ ലുലുമാൾ,മാൾ ഒഫ് ട്രാവൻകൂർ എന്നിവിടങ്ങളിലും ജനത്തിരക്ക് കൂടി. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബരഘോഷയാത്രയുടെ ഭാഗമായി തൃശൂരിൽ നിന്നുള്ള സംഘം നഗരത്തിൽ തിങ്കളാഴ്ച പുലിക്കളി നടത്തും.