1

ഓണം എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിൽ ഓടിയെത്തുന്നത് ഓണസദ്യയും ഓണപൂക്കളവും ഊഞ്ഞാലാട്ടവുമൊക്കെയാണല്ലോ. ഓണസദ്യയിൽ നമുക്ക് ഒഴിച്ചുകൂട്ടാനാകാത്ത വിഭവമാണല്ലോ പായസങ്ങൾ. പാൽപ്പായസം,​ അടപ്രഥമൻ,​ സേമിയ പായസം, പരിപ്പ് പ്രഥൻ, പഴം പ്രഥമൻ എന്നിവയാണ് ഇത്തരത്തിൽ മലയാളികളുടെ പ്രിയപ്പെട്ടവ. എന്നാൽ ഇവിടെ ഇന്ന് തയ്യാറാക്കുന്നത് ഇവയൊന്നുമല്ല. മറ്റൊരു വെറൈറ്റി പായസമാണ്. ചേനകൊണ്ട് ഒരു പായസം.

ചേനപ്പായസം വളരെ വ്യത്യസ്‌തവും ആരോഗ്യത്തിന് ഗുണകരവുമാണ്. വളരെ എളുപ്പം തയ്യാറാക്കാവുന്നതുമാണ്. ഈ പായസമുണ്ടാക്കേണ്ട വിധം എങ്ങനെയാണെന്ന് നോക്കാം.

ചേരുവകൾ

1. ചേന - കാൽകിലോ

2. ചെറുപയർ - 150 ഗ്രാം

3. ചൗവ്വരി - 150 ഗ്രാം

4.തേങ്ങാപ്പാൽ - മൂന്ന് കപ്പ്

5. ശർക്കര - മധുരത്തിന് അനുസരിച്ച്

6. നെയ്യ് - അണ്ടിപ്പരിപ്പ്,​ മുന്തിരി എന്നിവ വറുത്തിടാൻ ആവശ്യത്തിന്

7. ചുക്ക് - ഒരു നുള്ള്

8. ജീരകം - ഒരു നുള്ള്

തയ്യാറാക്കേണ്ട വിധം : ചേന തൊലികളഞ്ഞ് വേവിച്ച് ഉടച്ച് മാറ്റി വയ്ക്കുക. ചെറുപയർ എടുത്ത് അധികം മൂത്തുപോകാതെ വറുത്ത് കോരുക. ചൗവ്വരി നല്ലതുപോലെ വേവിച്ച് മാറ്റി വയ്ക്കണം. രണ്ട് കപ്പ് തേങ്ങയുടെ രണ്ടാംപാൽ എടുത്ത് അതിൽ ചെറുപയർ നല്ലതു പോലെ വേവിച്ചെടുക്കുക. ഇത് വെന്ത് വരുമ്പോൾ അതിലേക്ക് വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ചേന ചേർക്കുക. പീന്നിട് ഒന്നാം പാൽ ചേർത്ത് നല്ല പോലെ തിളപ്പിക്കുക. അത് അൽപം വറ്റിക്കഴിഞ്ഞാൽ അതിലേക്ക് ചൗവ്വരി ചേർക്കാം. ഇതെല്ലാം നല്ലതുപോലെ തിളച്ച് വരണം. ശേഷം ശർക്കര പാനി അതിലേക്ക് ചേർക്കണം. ഒരു പാനിൽ നെയ്യും അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിങ്ങയും വറുത്ത് പായസം നല്ലത്പോലെ തിളച്ച് വരുമ്പോൾ അതിലേക്ക് ചേർക്കുക. അവസാനമായി അൽപം ജീരകവും ചുക്കും പൊടിച്ചതും ചേർത്താൽ രസികൻ ചേനപ്പായസം റെഡി.