
കർണ്ണാടക: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ലിംഗായത്ത് സന്യാസിയും ചിത്രദുർഗാ ശ്രീമുരുകാ മഠാധിപതിയുമായ ശിവമൂർത്തി മുരുക ശരണാരുവിനെ നാല് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ട് ജില്ല സെഷൻസ് കോടതി ഉത്തരവിട്ടു. സെപ്തംബർ അഞ്ച് വരെയാണ് കസ്റ്റഡി കാലാവധി. ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ശരണാരുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷമാണ് മജിസ്ട്രേറ്രിനു മുൻപിൽ ഹാജരാക്കിയത്. പരാതിയെത്തുടർന്ന് കർണ്ണാടക പൊലീസ് വ്യാഴാഴ്ചയാണ് ശരണാരുവിനെ അറസ്റ്റു ചെയ്തത്. 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
അറസ്റ്റു ചെയ്യാൻ വൈകിയെന്ന ആരോപണത്തിൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണത്തിന് എല്ലാ സ്വാതന്ത്ര്യവും പൊലീസിന് നൽകിയിട്ടുണ്ടെന്നും കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. തങ്ങൾക്കുമേൽ യാതൊരു രാഷ്ട്രീയ സമ്മർദ്ദവുമില്ലെന്നും മെഡിക്കൽ ചെക്കപ്പിനു ശേഷം അദ്ദേഹത്തെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കുമെന്നും ചിത്രദുർഗ എസ്.പി കെ. പരശുരാമ പറഞ്ഞിരുന്നു.
തങ്ങളെ ലൈംഗികമായി രണ്ടുവർഷം പീഡിപ്പിച്ചുവെന്ന പെൺകുട്ടികളുടെ പരാതിയിലാണ് ശരണാരുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.