1

പ്രോട്ടീനുകളുടെ കലവറയാണ് കപ്പലണ്ടി അഥവാ നിലക്കടല. ഗർഭകാലത്ത് കഴിക്കേണ്ട ഭക്ഷണപദാർത്ഥത്തിൽ പ്രധാനിയാണിത്. വെള്ളത്തിൽ ഇട്ടു കുതിർത്ത കപ്പലണ്ടി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതുകൂടാതെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാനും കപ്പലണ്ടിയ്ക്ക് കഴിവുണ്ട്.

കപ്പലണ്ടിയുടെ ഗുണങ്ങൾ

1. ശരീരത്തിന് : സസ്യപ്രോട്ടീനുകളാൽ സമ്പന്നമാണ് കപ്പലണ്ടി. വിറ്റാമിൻ ഇ, ബി 1, ബി 3, ബി 9, എന്നിവയും മഗ്നിഷ്യം, ഫോസ്‌ഫറസ്, ചെമ്പ് തുടങ്ങിയ ധാതുക്കളും കപ്പലണ്ടിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് തൂക്കവും പുഷ്ടിയും വയ്ക്കാൻ കപ്പലണ്ടി പുഴുങ്ങിക്കഴിയ്ക്കുന്നത് ഏറെ നല്ലതാണ് . ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.

2.ഹൃദയാരോഗ്യത്തിന് : ഹൃദയാരോഗ്യത്തിന് കപ്പലണ്ടി നല്ലതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇതിൽ അടങ്ങിരിക്കുന്ന നിയാസിൻ,​ കോപ്പർ,​ മഗ്നിഷ്യം.ഒലീയിക്ക് ആസിഡ്. ആന്റി ഓക്സിഡന്റുകൾ എന്നിവ ഹൃദയ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. കപ്പലണ്ടി ശരീരത്തിന് ആവശ്യമായ ഇളംചൂട് നൽകുന്നു. ഇത് ശരീരത്തിലുടനീളം രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.

3. ചർമ്മ ആരോഗ്യം : ചർമ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള വിറ്റാമിൻ ബി 3,​ നിയാസിൻ എന്നിവയാൽ സമ്പുഷ്ടമാണ് കപ്പലണ്ടി. ചർമ്മത്തിലുണ്ടാക്കുന്ന ചുളിവുകൾ ഇല്ലതാക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ ചർമ്മരോഗങ്ങളെ അകറ്റി നിർത്തുന്നു.

4. ദഹനം മെച്ചപ്പെടുത്തുന്നു : കപ്പലണ്ടിയിലുള്ള ഫെെബർ ദഹനത്തെ സഹായിക്കുന്നു. അസിഡിറ്റി പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ തടയുന്നതിനും കപ്പലണ്ടി ഏറെ നല്ലതാണ്‌. ഇതിലെ നാരുകളാണ്‌ ഇതിനു സഹായിക്കുന്നത്‌.

5. ഇൻസുലിൻ പ്രവർത്തനം : കപ്പലണ്ടിയിൽ അടങ്ങിരിക്കുന്ന മഗ്നിഷ്യം ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

6. കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു : കപ്പലണ്ടിയിൽ ഇരുമ്പ്, ഫോളേറ്റ്, കാൽസ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്നു.

എന്നാൽ അമിതമായി കപ്പലണ്ടി കഴിക്കുന്നത് നല്ലതല്ല. ചിലരിൽ നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും ഇത് കാരണമാകുന്നു. ഒരു ദിവസം ഒരു പിടി എന്ന രീതിയിൽ കഴിക്കുന്നതാണ് നല്ലത്.