
കാബൂൾ : അഫ്ഗാനിലെ ഹെറാതിൽ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ ഇമാം മുജിബുർറഹ്മാൻ അൻസാരി ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. ഇമാമിന്റെ സുരക്ഷാ ഗാർഡുകളും സിവിലിയന്മാരും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഗസർഗ പള്ളിയിലെ ജുമുഅ നിസ്കാരത്തിന് തൊട്ടു മുമ്പാണ് സ്ഫോടനമുണ്ടായത്. അൻസാരിയുടെ മരണം താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു. 'രാജ്യത്തെ ശക്തനും ധീരനുമായ മതപണ്ഡിതൻ ക്രൂരമായ ആക്രമണത്തിൽ രക്തസാക്ഷിയായി,' എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. സ്ഫോടനം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കാബൂളിലെ മദ്രസയിൽ ചാവേർ ആക്രമണത്തിൽ റഹീമുള്ള ഹഖാനി മരിച്ച് ഒരു മാസത്തിനുള്ളിലാണ് താലിബാൻ അനുകൂല പുരോഹിതനായ അൻസാരി കൊല്ലപ്പെടുന്നത്.