kia

കൊച്ചി: ഇന്ത്യൻ വിപണിയിൽ കിയയ്ക്ക് വലിയ കരുത്ത് സമ്മാനിച്ച സോണറ്റിന്റെ ടോപ്പ് മോഡലായി 'എക്‌സ് ലൈൻ" പതിപ്പ് വിപണിയിലെത്തി. 1.0 ലിറ്റർ ടർബോ പെട്രോൾ,​ 1.5 ലിറ്റർ ഡീസൽ എൻജിനുകളാണുള്ളത്; ഒപ്പം ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനും.
മാറ്റ് ഗ്രാഫൈറ്റ് കളർ തീമിലാണ് ഈ സ്മാർട്ട് അർബൻ കോംപാക്‌റ്റ് എസ്.യു.വിയുടെ പുറംമോടി. ഗ്രിൽ,​ ഫോഗ്‌ലാമ്പിന്റെ ചുറ്റുവട്ടം,​ ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ എന്നിവ ഗ്ളോസ് ബ്ളാക്കിലുമാണ്.
പിയാനോ ബ്ളാക്കിലുള്ള മുന്നിലെയും പിന്നിലെയും സ്കിഡ് പ്ലേറ്റുകളും ഗ്ളോസ് ബ്ളാക്ക്,​ സിൽവർ ഡ്യുവൽ-ടോൺ ഫിനിഷിംഗുള്ള പുതിയ ഡിസൈനിലെ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ചേരുമ്പോൾ പുത്തൻ മോഡലിന് ലഭിക്കുന്നത് മികച്ച ഭംഗി. ഡോർ ഹാൻഡിൽ,​ വിൻഡോ ലൈൻ എന്നിവയിലെ ക്രോമിന്റെ സാന്നിദ്ധ്യവും അഴകാണ്.
സീറ്റുകൾക്ക് ഗ്രേ-ബീജ് നിറഭേദങ്ങൾ നൽകിയിരിക്കുന്നു. ഡാഷ്ബോർഡ് കറുപ്പഴകാൽ ആകർഷകം. ബോസ് 7-സ്പീക്കർ സിസ്‌റ്റം,​ 10.25 അത്യാധുനിക ടച്ച്സ്ക്രീൻ,​ ലെതർ സ്പോർട്‌സ് സീറ്റിൽ ഓറഞ്ച് സ്‌റ്റിച്ചിംഗും എക്‌സ്‌ലൈൻ ലോഗോയും,​ എൽ.ഇ.ഡി മൂഡ് ലൈറ്റിംഗ്,​ 6 എയർബാഗുകൾ ഉൾപ്പെടെ മികച്ച സുരക്ഷാ ഫീച്ചറുകൾ എന്നിങ്ങനെയും ആകർഷണങ്ങൾ നിരവധി.
പെട്രോൾ പതിപ്പിന് 13.39 ലക്ഷം രൂപയും ഡീസലിന് 13.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.