exports

കൊച്ചി: ഇന്ത്യയുടെ വാണിജ്യാധിഷ്‌ഠിത കയറ്റുമതി കഴിഞ്ഞമാസം 1.15 ശതമാനം കുറഞ്ഞ് 3,​300 കോടി ഡോളറും ഇറക്കുമതിച്ചെലവ് 37 ശതമാനം വർദ്ധിച്ച് 6,​168 കോടി ഡോളറുമായതോടെ ഇവ തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 2,​868 കോടി ഡോളറായി കുതിച്ചുയർന്നു. 2021 ആഗസ്‌റ്റിൽ വ്യാപാരക്കമ്മി 1,​171 കോടി ഡോളറായിരുന്നു. ജൂലായിലെ 3,​627 കോടി ഡോളറിനേക്കാൾ 9 ശതമാനവും കുറവാണ് കഴിഞ്ഞമാസത്തെ കയറ്റുമതി.

17.12%

നടപ്പുവർഷം ഏപ്രിൽ-ആഗസ്‌റ്റിൽ കയറ്റുമതി വരുമാനം 17.12 ശതമാനം ഉയർന്ന് 19,259 കോടി ഡോളർ.

45.64%

ഏപ്രിൽ-ആഗസ്‌റ്റിൽ ഇറക്കുമതിച്ചെലവ് 45.64 ശതമാനം വർദ്ധിച്ച് 31,​781 കോടി ഡോളർ.

$12,522 കോടി

ഏപ്രിൽ-ആഗസ്‌റ്റിലെ വ്യാപാരക്കമ്മി 5,​378 കോടി ഡോളറിൽ നിന്നുയ‌ർന്ന് 12,​522 കോടി ഡോളറിലെത്തി.

എണ്ണ മിന്നി,​ സ്വർണം മങ്ങി

ആഗസ്‌റ്റിൽ ക്രൂഡ് ഇറക്കുമതി 86.44 ശതമാനം വർദ്ധിച്ച് 1,​760 കോടി ഡോളറിലെത്തി. വ്യാപാരക്കമ്മി കൂടാൻ ഇതിടയാക്കി. സ്വർണം ഇറക്കുമതി 47.54 ശതമാനം കുറഞ്ഞ് 351 കോടി ഡോളറാണ്.

ഇന്ത്യയ്ക്ക് വലിയലക്ഷ്യം

67,​600 കോടി ഡോളറായിരുന്നു കഴിഞ്ഞ സാമ്പത്തികവർഷം (2021-22)​ ഇന്ത്യയുടെ കയറ്റുമതി വരുമാനം. നടപ്പുവർഷം ലക്ഷ്യം 45,​000 കോടി ഡോളർ. സേവന (സർവീസസ്)​ കയറ്റുമതിയായി 30,​000 കോടി ഡോളറും ലക്ഷ്യമിടുന്നു. മൊത്തം 75,​000 കോടി ഡോളർ. ഇത് നേടാനാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.