charles

ഏറ്റവും പ്രായംകൂടിയ ബ്രിട്ടീഷ് കിരീടാവകാശിയായി എഴുപത്തിമൂന്നാം വയസിൽ ചാൾസ് മൂന്നാമൻ കടന്നു വരുമ്പോൾ ഒരു പുതു ചരിത്രമാണ് രാജ്യത്ത് പിറക്കുന്നത്. എഴ് പതിറ്റാണ്ടുകൾക്കുശേഷം ബ്രിട്ടീഷ് സിംഹാസനത്തിലേക്ക് കിരീടവും ചെങ്കോലുമായി അവരോധിക്കപ്പെടുന്ന പുരുഷ ഭരണാധികാരി, കിംഗ് ചാൾസ് മൂന്നാമൻ.

എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും മൂത്ത പുത്രനായി ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ 1948 നവംബർ 14ന് ജനനം. മുഴുവൻ പേര് ചാൾസ് ഫിലിപ്പ് ആർതർ ജോർജ്. ഔദ്യോഗിക പദവി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഒഫ് വേൽസ് എന്നാണ്.

ചെം, ഗോർഡൻസ്റ്റോൻ സ്‌കൂളുകളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ആസ്‌ട്രേലിയയിലെ വിക്ടോറിയ ഗീലോംഗ് ഗ്രാമർ സ്‌കൂളിലും പഠനം.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. 1971 മുതൽ 76വരെ റോയൽ എയർഫോഴ്സിലും നേവിയിലും സേവനമനുഷ്ഠിച്ചു. 1969ൽ വെയിൽസ് രാജകുമാരൻ എന്ന ഔദ്യോഗിക പദവിയിൽ അവരോധിക്കപ്പെട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങൾ, പരിസ്ഥിതി എന്നിവയിലൊക്കെ ശ്രദ്ധ പുലർത്തിയിരുന്നു. കുട്ടികൾക്കായി 'ദ ഓൾഡ് മാൻ ഒഫ് ലോച്നഗർ' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.

ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവാദ നായകനായിരുന്നു പലപ്പോഴും ചാൾസ്. മാദ്ധ്യമങ്ങളിൽ നായകനായും പ്രതിനായകനായും അദ്ദേഹം ചിത്രീകരിക്കപ്പെട്ടു. ചാൾസും പത്നിയായിരുന്ന ഡയാന രാജകുമാരിയും ഒരുകാലത്ത് കാമുകിയും ഇപ്പോൾ പത്നിയുമായ കാമിലയുമായിരുന്നു വിവാദ വാർത്താ താരങ്ങൾ. കാമിലയുമായുള്ള ചാൾസിന്റെ വിവാഹേതര ബന്ധവും ഡയാനയുമായുള്ള അസ്വാരസ്യങ്ങളും ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ നിന്ന് ചോർത്തിയെടുത്ത് ബ്രിട്ടീഷ് മാദ്ധ്യമങ്ങളുൾപ്പെടെ ഇഴ കീറി പരിശോധിച്ചിരുന്നു.

1981 ജൂലായിലായിരുന്നു ചാൾസിന്റെയും ഡയാനയുടേയും വിവാഹം. ഇരുവരും തമ്മിൽ പന്ത്രണ്ട് വയസിന്റെ പ്രായവ്യത്യാസം. വില്യവും ഹാരിയും പുത്രന്മാരാണ്. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾ കൊട്ടാര അരമനയിൽ നിന്ന് അങ്ങാടിപ്പാട്ടായി ലോകം മുഴുവനറിഞ്ഞു. കാമിലയുമായുള്ള ചാൾസിന്റെ പ്രണയം ഡയാനയെ വിഷാദരോഗത്തിലേക്ക് നയിച്ചു. ആ ദാമ്പത്യ ബന്ധം 1992ൽ ഇരുവരും അവസാനിപ്പിച്ചു. എങ്കിലും പാരീസിലുണ്ടായ കാറപകടത്തിൽ ഡയാന രാജകുമാരി മരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും ചാൾസിനെയും എലിസബത്ത് രാജ്ഞിയെയും ചുറ്റിവരിഞ്ഞു.

2005ൽ കാമുകിയായ കാമില പാർക്കറെ ചാൾസ് ജീവിതസഖിയാക്കി. എന്നാൽ മാതാപിതാക്കളായ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും മകന്റെ വിവാഹത്തിൽ നിന്ന് വിട്ടുനിന്നു. തന്റെ കാലശേഷം ചാൾസിന്റെ പത്നിയായ കാമിലയെ രാജ്ഞി എന്ന് വിളിക്കാമെന്ന് എഴുപതാം ഭരണ വാർഷികാഘോഷങ്ങളുടെ ഭാഗമായ സന്ദേശത്തിൽ എലിസബത്ത് രാജ്ഞി അറിയിച്ചിരുന്നു. അതിൻപ്രകാരം ഇനി എലിസബത്ത് രാജ്ഞിയുടെ കൊഹിന്നൂർ കിരീടം ഇനി കാമിലയ്ക്ക് സ്വന്തം.