onion

‌ഡയബറ്റിക് രോഗികൾക്കൊരു സന്തോഷവാർത്ത. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടാതിരിക്കാൻ അടുക്കളയിലേക്ക് ഒന്ന് തിരി‍ഞ്ഞു നോക്കിയാൽ മതിയാകും. ഒരു കഷണം സവാള കൊണ്ട് ആരോഗ്യകരമായ പല മാറ്റങ്ങളും ജീവിതത്തിൽ വരുത്താനാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സവാളയിലടങ്ങിയിരിക്കുന്ന ഫ്ലാവനോയ്ഡ്സ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് തുലനം ചെയ്യാൻ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.

സാൻഡിയാഗോയിൽ നടന്ന തൊണ്ണൂറ്റി ഏഴാമത് എൻഡോക്രൈൻ സൊസൈറ്റിയുടെ വാ‌ർഷികയോഗത്തിലാണ് പഠന റിപ്പോർട്ട് അവതരിപ്പിച്ചത്. സവാളയുടെ നീരിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതോടൊപ്പം കൊളസ്ട്രോൾ നിരക്ക് കുറയ്ക്കാനുള്ള കഴിവുമുണ്ട്.അതിനാൽ ഡയറ്റിൽ ഇത് ഉൾപ്പെടുത്തുന്നത് ‌ടൈപ്പ് വൺ ഡയബറ്റിക്സിനെ പ്രതിരോധിക്കാൻ വളരെയധികം ഗുണകരമാണ്.

പാചകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യകരമെന്നാണ് എൻവയോൺമെന്റൽ ഹെൽത്ത് ഇ‍ൻസൈറ്റ് ജേണലിൽ പറയുന്നത്. അതിനാൽ സാൻവിച്ച്,​ സൂപ്പ്,​ സാലഡ് എന്നിവയിൽ ധാരാളമായി സവാള ഉൾപ്പെടുത്തണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.