
നാല് പതിറ്റാണ്ടുകാലം ഭക്ഷണപ്രേമികളുടെ രുചിയിടമായിരുന്നു ബംഗളൂരുവിലെ സാമ്രാട്ട് റസ്റ്റോറന്റ്. എന്നാൽ രുചിയൂറും വിഭവങ്ങളുടെ ആ കലവറ സെപ്തംബർ 25 മുതൽ ഇനിയില്ല. ബംഗളൂരു ചാലൂക്യ ഹോട്ടലിനുള്ളിലാണ് സാമ്രാട്ട് റസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. നഗരഹൃദയത്തിൽ പ്രമുഖരായ നിരവധിപേരുടെ ഇഷ്ടഭക്ഷണ ശാലയായിരുന്നു സാമ്രാട്ട്. രാഷ്ട്രീയക്കാരാകട്ടെ രാഷ്ട്രതന്ത്രജ്ഞരാകട്ടെ സിനിമാതാരങ്ങളാകട്ടെ അങ്ങനെ എല്ലാത്തരം വ്യക്തികളുടെയും പ്രിയപ്പെട്ടൊരിടം.
ദിവസേന മൂവായിരത്തോളം പേരാണ് ഇവിടെ ഭക്ഷണം കഴിക്കാനായി എത്തിയിരുന്നത്. വീക്കെൻഡുകളിൽ ഇത് അയ്യായിരം കടക്കുമായിരുന്നു. മസാല ദോശ, വട, ബദാം ഹൽവ എന്നിവയാണ് സാമ്രാട്ടിന്റെ പെരുമ വർദ്ധിപ്പിച്ച വിഭവങ്ങൾ. റസ്റ്റോറന്റ് പ്രവർത്തിക്കുന്ന കെട്ടിടം ലീസിനായിരുന്നു പ്രവർത്തിച്ചിരുന്നത്. കാലാവധി പൂർത്തിയായതിനെ തുടർന്ന് കെട്ടിടം ഒഴിഞ്ഞു കൊടുക്കേണ്ടതിനാലാണ് സാമ്രാട്ട് അടച്ചു പൂട്ടുന്നത്. സാമ്രാട്ടിന്റെ ഒരു മിനി വെർഷൻ വസന്ത് നഗറിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഒറിജിനൽ സാമ്രാട്ടിലെ ജീവനക്കാരൊന്നും തന്നെ മിനി സാമ്രാട്ടിൽ ഇല്ലെന്നാണ് ഉടമസ്ഥർ വ്യക്തമാക്കുന്നത്.
ശരിക്കും സങ്കടത്തിലായത് സാമ്രാട്ടിലെ സ്ഥിരം ഭക്ഷണപ്രേമികളാണ്. ഇനിയൊരിക്കലും വായിൽ കപ്പലോടുന്ന വിഭവങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണശാലയിൽ നിന്ന് കഴിക്കാനാകാത്തതിന്റെ വിഷമം അവർ സോഷ്യൽ മീഡിയയിലും മറ്റും പങ്ക് വച്ചിട്ടുണ്ട്.