തിരുവനന്തപുരം: ഓണാഘോഷത്തിന് പരിസമാപ്‌തി കുറിച്ച് കേരളകൗമുദിയുടെ ഓണം എക്‌സ്ട്രീം താളവും മേളവുമായി കൊട്ടിക്കയറിയപ്പോൾ അനന്തപുരിക്ക് ലഭിച്ചത് മറക്കാനാവാത്ത വിസ്‌മയരാവ്. സെൻട്രൽ സ്റ്റേഡിയത്തിൽ സംഗീതനിശ കാണികൾക്ക് ഹരമായി.
അഗസ്ത്യം കളരിയിലെ കുട്ടികൾ അവതരിപ്പിച്ച കളരി അഭ്യാസങ്ങളോടെ തുടക്കം കുറിച്ച പരിപാടിയിൽ സംസ്ഥാന അവാർഡ് ജേതാക്കളായ ഹിഷാം അബ്ദുൾ വഹാബിന്റെയും നിത്യ മാമന്റെയും നേതൃത്വത്തിൽ അരങ്ങേറിയ മ്യൂസിക്കൽ ബ്ലാസ്റ്റും പ്രശസ്‌ത പിന്നണിഗായകരെ അനുകരിച്ച് പാടിയ അരുൺ ഗിന്നസിന്റെ പ്രകടനവും യോഗയും കളരിയും ജിംനാസ്റ്റിക്കും കോർത്തിണക്കിക്കൊണ്ട് കിഷോറും അനീഷും അവതരിപ്പിച്ച മല്ലഖംമ്പ് കാണികളിൽ ആകാംഷയും ഒപ്പം കാഴ്ചയുടെ നവ്യാനുഭവവും പകർന്നു.
കൗമുദി ചാനൽ ചീഫ് ഒാഫ് പ്രോഗ്രാംസ് ഡോ.എസ്. മഹേഷിന്റെ നേതൃത്വത്തിലുള്ള അഗസ്‌ത്യം കളരിയിലെ കുട്ടികൾ അവതരിപ്പിച്ച കളരി അഭ്യാസ പ്രകടനങ്ങൾ കാണികൾക്ക് ആവേശമായി. വാൾപ്പയറ്റും മെയ്പ്പയറ്റും ഉറുമി വീശും വേദിയെ ഇളക്കിമറിച്ചു. കേരളക്കര ഒന്നാകെ ഏറ്റുപാടിയ ഹൃദയം സിനിമയിലെ ദർശനാ... എന്ന ഗാനം ഹിഷാം പാടിയത് കാണികൾ ആവേശത്തോടെയാണ് ഏറ്റെടുത്തു.. കാണികളുടെ കൂട്ടത്തിലിരുന്ന മന്ത്രി മുഹമ്മദ് റിയാസിന് സമർപ്പിച്ചുകൊണ്ടാണ് ഹിഷാം തന്റെ ആദ്യ ഗാനം പാടിയത്. നിത്യമാമൻ ആലപിച്ച നിലപ്പൊങ്കാലയല്ലോ, നീ ഹിമമഴയായ് വരൂ, ജോൺസൺ മാഷിന്റെ ആടിവാ കാറ്റേ എന്നീ ഗാനങ്ങൾ മെലഡിയുടെ മറ്റൊരു ആസ്വാദന തലമാണ് ശ്രോതാക്കൾക്ക് സമ്മാനിച്ചത്. അമ്പിളി എന്ന സിനിമയിലെ നെഞ്ചകമേ നെഞ്ചകമേ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് യുവ പിന്നണി ഗായകൻ സജീവ് സ്റ്റാൻലി ഗാനസന്ധ്യക്ക് തുടക്കമിട്ടത്. വിഷ്ണു വർദ്ധൻ പാടിയ തമിഴ് ഗാനം കണ്ണാന കണ്ണെയും കാണികളുടെ കൈയടിനേടി.
ഗായകരുടെ ശബ്ദാനുകരണം കൊണ്ട് വേദിയിൽ അത്ഭുതം സൃഷ്ടിച്ച് അരുൺ ഗിന്നസ് എന്ന മിമിക്രി കലാകാരന്റെ പ്രകടനവും മികച്ചതായി. മേരെ ധോൽ നാ സുൻ എന്ന ഹിന്ദി ഗാനം പിന്നണി ഗായിക ശ്രേയ ഘോഷാലിന്റെയും ഗായകൻ എം.ജി. ശ്രീകുമാറിന്റെയും ശബ്ദത്തിൽ പാടിക്കൊണ്ടാണ് അരുൺ വേദിയിൽ വിസ്‌മയം സൃഷ്ടിച്ചത്. കേരളകൗമുദി ജ്യോതിർഗമയ മ്യൂസിക് ഫെസ്റ്റ് ജേതാവ് കൂടിയായ ഗൗരി കൃഷ്‌ണയുടെ മാർഗഴി തിങ്കളല്ല വാ എന്ന ഗാനം നിറഞ്ഞ കൈയടിയോടെയാണ് സദസ് ഏറ്റെടുത്തത്. കാൻസർ അതീജീവതയായ അവനിയും വേദിയിൽ ഗാനവുമായെത്തി.
ഒരുകാലത്ത് യുവാക്കളെ ഒന്നടങ്കം ഇളക്കി മറിച്ച ഹിന്ദി ഗാനം ' തുഹി മേരി ശബ് ഹെ ' പാടി ഷാനും ഷായും കാണികളെ ആവേശത്തിലാഴ്‌ത്തി. യോഗയും കളരിയും ജിംനാസ്റ്റിക്കും കോർത്തിണക്കി കിഷോറും അനീഷും തീർത്ത മല്ലഖംമ്പ് എന്ന അഭ്യാസ പ്രകടനം കാണികൾക്ക് ആവേശമായി.