kishore

തിരുവനന്തപുരം: വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നെയ്യാർ മേളയുടെ ഭാഗമായുള്ള മാദ്ധ്യമ അവാർഡിന് കൗമുദി ടിവി ചീഫ് പ്രൊഡ്യൂസർ കിഷോർ കരമന അർഹനായി. കൗമുദി ടിവിയിലെ സ്നേക്ക് മാസ്റ്ററിനെയാണ് മികച്ച സാഹസിക ടെലിവിഷൻ പരിപാടിക്കുള്ള അവാർഡിന് തിരഞ്ഞെടുത്തത്. മാദ്ധ്യമപ്രവർത്തകനായ ടി.എസ്. സതികുമാർ അദ്ധ്യക്ഷനായ അഞ്ചംഗ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്.

നാളെ വൈകിട്ട് അഞ്ചിന് നെയ്യാറ്റിൻകര ആറാലുംമൂട്ടിലെ അഡ്വ. തലയൽ കേശവൻനായർ നഗറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ പുരസ്കാരദാനം നിർവഹിക്കും. ആതുര സേവന രംഗത്തെ മികവിന് നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽഖാൻ, ഉസ്ബക്കിസ്ഥാനിൽ നടന്ന ഓപ്പൺ ഇന്റർനാഷണൽ കിക്ക്‌ ബോക്സിംഗ് ടൂർണമെന്റിൽ രാജ്യത്തിനായി വെങ്കല മെഡൽ നേടിയ കായിക താരം അരുൺ എസ്.നായർ, ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥാപിച്ച് ഗിന്നസ് റെക്കാഡ് നേടിയ ചെങ്കൽ മഹേശ്വര ശിവ പാർവതി ക്ഷേത്രത്തിലെ മഠാധിപതി സ്വാമി മഹേശ്വരാനന്ദ,​ വ്യാപാര മേഖലയിലെ മികവിന് കാർത്തിക ഗ്രാനൈറ്റ് ഉടമ ജോസ്, കാഴ്ചയുടെ പരിമിതികളെ മറികടന്ന് ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കാരോട് കാക്കവിള സ്വദേശിനി ലിയോണ എന്നിവരും വിവിധ മേഖലകളിൽ മികവ് തെളിയിച്ചതിനുള്ള പുരസ്കാരങ്ങൾക്ക് അർഹരായി. നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ.രാജ്‌മോഹൻ, നെയ്യാർ മേള കൺവീനർ എം. ഷാനവാസ്, നെയ്യാർ മേള ഫിനാൻസ് കമ്മിറ്റി ചെയർമാൻ വി. കേശവൻകുട്ടി എന്നിവരും അവാർഡ് പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുത്തു.