
ലോക ഓസോൺ ദിനം ഇന്ന്
..........................
ഭൂമിയുടെ ചോരാത്ത കുടയെന്നാണ് ഓസോൺ പാളിയെ നാം വിശേഷിപ്പിക്കുന്നത്. ഭൂമിയുടെമേൽ മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഓസോൺ പാളിയിലെ വിള്ളൽ. ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ ഏകദേശം 10 മുതൽ 50 കിലോമീറ്റർ മുകളിലായാണ് ഓസോൺ കൂടുതലായി കാണപ്പെടുന്നത്. സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് - ബി വികിരണത്തെ ആഗിരണം ചെയ്യുന്നതിലൂടെ ഇവ ഭൂമിയിലേക്കെത്തിയാൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പടെയുള്ള പ്രത്യാഘാതങ്ങളെ തടയാൻ ഓസോൺപാളി സഹായിക്കുന്നു. വ്യാവസായികമായി പുറംതള്ളുന്ന ക്ലോറോഫ്ലൂറോ കാർബണുകളിൽ കാണപ്പെടുന്ന ക്ലോറിൻ മുതലായ രാസവസ്തുക്കളുടെ പ്രവർത്തന ഫലമായാണ് ഓസോൺ പാളിയിൽ വിള്ളൽ രൂപപ്പെട്ടത്. 1980കളിൽ അന്റാർട്ടിക്കയിലാണ് ആദ്യമായി അന്തരീക്ഷത്തിൽ ഓസോൺ ശോഷണം കണ്ടുപിടിക്കപ്പെട്ടത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫാർമാനും സഹപ്രവർത്തകരും ചേർന്ന് നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളാണ് ഈ പ്രതിഭാസത്തെക്കുറിച്ച് ആദ്യമായി ലോകത്തോട് വിളിച്ചുപറഞ്ഞത്. മുൻ ദശാബ്ദങ്ങളെ അപേക്ഷിച്ചു ഏകദേശം 40 ശതമാനത്തോളം ഓസോൺ അന്റാർട്ടിക്കയിൽ നശിപ്പിക്കപ്പെട്ടതായി അവർ സ്ഥിരീകരിച്ചു. ഓസോണിന്റെ ശോഷണാവസ്ഥയിൽ അതീവ ഗുരുതരമായ അൾട്രാ വയലറ്റ് വികരണങ്ങൾ ഭൂമിയിലേക്ക് എത്തിപ്പെടും. ഇത് മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണി സൃഷ്ടിക്കുന്നതുകൊണ്ടും, ഈ കണ്ടെത്തൽ ലോകത്താകമാനം ഭീതിയുളവാക്കി. ഈ പ്രതിസന്ധിയെ നേരിടുന്നതിനായി ലോകരാഷ്ട്രങ്ങൾ 1986 സെപ്തംബർ 16നു കാനഡയിലെ മോൺട്രിയലിൽ ഒത്തുകൂടുകയും, ഓസോൺ ശോഷണത്തിനു കാരണമാകുന്ന രാസപദാർത്ഥങ്ങളുടെ നിർമാർജനത്തിന് ഒരു ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ക്ലോറോഫ്ലൂറോ കാർബണുകൾക്ക് ബദലായി ഹൈഡ്രോഫ്ലൂറോകാർബണുകൾ ഉപയോഗിച്ചുതുടങ്ങി. തൽഫലമായി, 35 വർഷങ്ങൾക്ക് ഇപ്പുറം, ഓസോൺ ശോഷണത്തിനു ഹേതുവായ ഈ രാസവസ്തുക്കളുടെ അളവ് അന്തരീക്ഷത്തിൽ ഗണ്യമായി കുറഞ്ഞു. അതിന് അനുസൃതമായി ഓസോണിന്റെ അളവ് വർദ്ധിക്കാനും ആരംഭിച്ചിട്ടുണ്ട്. 2065ഓടു കൂടി ഓസോൺ പാളിയിലെ ഈ വിള്ളൽ പൂർണമായി ഇല്ലാതാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ശാസ്ത്രലോകം.
മോൺട്രിയൽ പ്രോട്ടോക്കോൾ പ്രയോഗത്തിൽ വന്നതിനുശേഷം അന്തരീക്ഷത്തിലെ ക്ലോറോഫ്ലൂറോ കാർബണുകളുടെ അളവ് വളരെ കുറഞ്ഞെങ്കിൽപ്പോലും, ഈ രാസവസ്തുക്കൾ ആഗോളതാപനത്തെ വർദ്ധിപ്പിക്കുന്നതോ സഹായിക്കുന്നതോ ആണ്. മോൺട്രിയൽ ഉടമ്പടി ഓസോൺ ശോഷണമെന്ന ഒരു പ്രശ്നത്തിന് പരിഹാരമായെങ്കിലും ആഗോളതാപനമെന്ന മറ്റൊരു വിപത്തിനു ഉപോദ്ഫലകമായി പ്രവർത്തിച്ചു. ഇത്തരുണത്തിൽ, ലോകരാജ്യങ്ങൾ 2016 ൽ റുവാണ്ടയിലെ കിഗാലിയിൽ വീണ്ടും സമ്മേളിക്കുകയും പ്രശ്നപരിഹാരത്തിനായി ചർച്ച നടത്തുകയും ചെയ്തു. തൽഫലമായി മോൺട്രിയൽ പ്രോട്ടോക്കോളിന് ഒരു ഭേദഗതി വരുത്തുകയും അതുവഴി ക്ലോറോഫ്ലൂറോ കാർബണുകൾക്കു ബദലായി എത്തിയ ഹൈഡ്രോഫ്ലൂറോകാർബണുകളുടെ ഉത്പാദനം 2050 ഓടെ 80ശതമാനം വരെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കാൻ കരാർ ഒപ്പുവച്ചു. ഇത് കിഗാലി ഭേദഗതിയെന്നു അറിയപ്പെടുന്നു. ഇവയുടെ വർദ്ധന കുറയ്ക്കുകവഴി ഇനിവരുന്ന നൂറ്റാണ്ടിനുള്ളിൽ താപവർദ്ധനവ് 0.5 ഡിഗ്രി വരെ കുറയ്ക്കാൻ സാധിക്കുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.
ആരംഭഘട്ടത്തിൽ ഓസോൺ പാളിയുടെ സംരക്ഷണത്തിലൂന്നിയാണ് മോൺട്രിയൽ ഉടമ്പടി രൂപീകരിക്കപ്പെട്ടതെങ്കിലും, ഇന്ന് കാലാവസ്ഥാ വ്യതിയാനം വരെ നിയന്ത്റിക്കുന്നതിൽ വരെ ഈ ഉടമ്പടിക്ക് അത്യധികം പ്രാധാന്യമുണ്ട്.
അന്തരീക്ഷത്തിലെ മറ്റുവാതകങ്ങളെ അപേക്ഷിച്ച് താരതമ്യേന 0.001ശതമാനം മാത്രമുള്ള ഓസോണിന്റെ അളവിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾപോലും മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയ്ക്കും നിലനിൽപ്പിനും ഭീഷണിയാകുമ്പോൾ, നമ്മൾ പ്രകൃതിയിൽ സൃഷ്ടിക്കുന്ന വളരെ ചെറിയ ആഘാതങ്ങൾ പോലും ദൂരവ്യാപകമായ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം എന്നാണ് ഈ ഓസോൺ ദിനം നമ്മോട് പറയുന്നത്. ആയതിനാൽ പ്രകൃതിയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ നിലപ്പിൽപ്പിനുതന്നെ അത്യന്താപേക്ഷിതമാണെന്ന് അറിയുക.