തിരുവനന്തപുരം: വ്യക്തികളെ അധിക്ഷേപിക്കുന്ന തീരുമാനങ്ങൾ പഞ്ചായത്ത് കമ്മിറ്റി എടുക്കരുതെന്ന് തദ്ദേശ സ്ഥാപന ഓംബുഡ്സ്മാന്റെ ഉത്തരവ്. നെല്ല്നാട് പഞ്ചായത്ത് കമ്മിറ്റി 2020 ആഗസ്റ്റ് 7 ന് എടുത്ത തീരുമാനത്തിനെതിരെ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം കൺവീനർ ഡോ.തേമ്പാംമൂട് സഹദേവൻ നൽകിയ പരാതിയിലാണ് ജസ്റ്റിസ് പി.എസ്.ഗോപിനാഥന്റെ ഉത്തരവ്. സഹദേവൻ വ്യാജ പരാതികൾ നൽകുന്ന ആളാണെന്നും വ്യക്തി വിരോധം കാരണം ഒരു കുടുംബത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും പഞ്ചായത്ത് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു. മറുപക്ഷത്തെ കൂടി കേൾക്കാതെയുള്ള തീരുമാനങ്ങൾ നിയമവിരുദ്ധമാണ്. പരാമർശിക്കപ്പെട്ട വ്യക്തിക്ക് അപമാനം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാമെന്നും തീരുമാനം പഞ്ചായത്ത് കമ്മിറ്റി പുനഃപരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നു.