തിരുവനന്തപുരം: തലസ്ഥാന നഗരത്തിന് വിനോദത്തിന്റെയും വിസ്മയത്തിന്റെയും അത്ഭുത കാഴ്ചകൾ സമ്മാനിച്ച് കൊണ്ട് പുത്തരിക്കണ്ടം മൈതാനിയിൽ മുന്നേറുകയാണ് ഗ്രേറ്റ് ബോംബെ സർക്കസ്.കഴിഞ്ഞ ഓഗസ്റ്റ് 20ന് ആരംഭിച്ച സർക്കസ് ജന പങ്കാളിത്തം കൊണ്ടും സർക്കസ് കലാകാരന്മാരുടെ പ്രകടനം കൊണ്ടും ശ്രദ്ധ ആകർഷിക്കുകയാണ്. ഇന്ത്യൻ സർക്കസ് കലാകാരന്മാർക്ക് പുറമെ എത്യോപ്യ, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരും സർക്കസിൽ അണിനിരക്കുന്നുണ്ട്. എത്യോപ്യൻ സർക്കസ് കലാകാരൻമാർ അവതരിപ്പിക്കുന്ന സാഹസികതയും നൃത്തവും കോർത്തിണക്കിക്കൊണ്ടുള്ള എത്യോപ്യൻ അക്രോബാറ്റ് ആണ് ബോബെ സർക്കസിന്റെ മുഖ്യ ആകർഷണം. വളയങ്ങൾ കൊണ്ടുള്ള റിങ് ഡാൻസ് ,വിവിധ തരം തത്തകളുമായുള്ള പാരറ്റ് ഷോയും നായ്‌ക്കളുമായുള്ള മാത്തമാറ്റിക്കൽ ഷോയും കാണികളിൽ കൗതുകം ഉണർത്തുന്നവയാണ്.

ഫ്ളൈയിംഗ് ട്രപ്പീസ് ആണ് മറ്റൊരു പ്രധാന ആകർഷണം. ഉയരത്തിൽ കെട്ടിയ ഊഞ്ഞാലിൽ ആടിക്കൊണ്ടുള്ള അഭ്യാസ പ്രകടനം കാണികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. സ്‌പ്രിംഗ് നെറ്റ് പ്രകടനങ്ങളും അതി സാഹസികമായ സാരി ബാലൻസും തുടങ്ങി 32ൽ കൂടുതൽ ഇനങ്ങളിലുള്ള സർക്കസ് കലാ പ്രകടനങ്ങളാണ് ബോംബെ സർക്കസ് തിരുവനന്തപുരം നിവാസികൾക്ക്‌ വേണ്ടി ഒരുക്കിയിരിക്കുന്നത്. ഓണക്കാലത്ത് മികച്ച രീതിയിലുള്ള ജനപങ്കാളിത്തമാണ് ലഭിച്ചത്. എല്ലാ ദിവസവും ഉച്ചക്ക് ഒന്നിനും വൈകിട്ട് നാലിനും രാത്രി ഏഴിനുമാണ് പ്രദർശനങ്ങൾ.100,200,300,400 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.മുൻകൂട്ടിയുള്ള ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.19ന് സർക്കസ് അവസാനിക്കും.