
രാജസ്ഥാൻ: രാജസ്ഥാനിലെ ജയ്സൽമെർ ജില്ലയിൽ ഉയർന്ന ജാതിക്കാരായവർക്കുള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ച ദളിതനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചു. ചതുറ റാം എന്നയാൾക്കാണ് മർദ്ദനം ഏറ്റത്. സംഭവത്തിൽ ദിഗ്ഗ ജില്ലയിലെ നാല് പേർക്കെതിരെ പട്ടികജാതി-പട്ടിക വർഗ നിയമപ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് ചതുറ റാമും ഭാര്യയും ദിഗ്ഗയിലേക്ക് പോകുന്ന വഴി ഒരു കടയുടെ മുന്നിൽ വച്ചിരുന്ന കുടത്തിൽ നിന്ന് വെള്ളം കുടിക്കുകയായിരുന്നു. ഇതേത്തുടർന്ന് നാലഞ്ചു പേർ ചേർന്ന് ചതുര റാമിനെയും ഭാര്യയേയും അധിക്ഷേപിക്കുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തത്. റാമിന്റെ ചെവിക്കു പിന്നിലടക്കം പരിക്കേറ്റിട്ടുണ്ടെന്നും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.