lucknow-after-heavy-rain
Lucknow after heavy rain

ലക്നൗ: കനത്ത മഴയിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണ് ലക്നൗവിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഒമ്പതു പേർക്ക് ദാരുണാന്ത്യം. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ദിൽകുഷ പ്രദേശത്തെ സൈനിക മേഖലയിലെ കെട്ടിടത്തിന്റെ ചുറ്റുമതിലാണ് തകർന്നത്. ഈ മതിലിനു പുറത്ത് കുടിൽ കെട്ടിത്താമസിച്ചിരുന്ന തൊഴിലാളികൾ അപകടത്തിൽ പെടുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ടു ലക്ഷം വീതവും ധനസഹായം നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

സംഭവസ്ഥലത്തെത്തുമ്പോൾ മൃതദേഹങ്ങൾ നാട്ടുകാർ പുറത്തെടുത്തിരുന്നെന്ന് ജോയിന്റ് പൊലീസ് കമ്മിഷണർ പീയുഷ് മോർദിയ പറഞ്ഞു. യു.പിയിൽ മഴക്കെടുതിയിൽ 12 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് ലക്നൗ ഭരണകൂടം അറിയിച്ചു.

പഴയ കെട്ടിടങ്ങളുടെ കാര്യത്തിൽ മുൻകരുതലെടുക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും അഴുക്കു ചാലുകൾ, വൈദ്യുത കമ്പികൾ, തൂണുകൾ എന്നിവയുടെ പരിസരത്തു നിന്ന് അകലം പാലിക്കണമെന്നും ജനങ്ങളെ അറിയിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ജാഗ്രത പുലർത്തണം. സ്‌കൂളുകൾക്കും ഇന്നലെ അവധിയായിരുന്നു.