dowry

ഝാർഖണ്ഡ്: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഝാർഖണ്ഡിലെ പലമു ജില്ലയിൽ യുവതിയെ ഭർത്തൃ വീട്ടുകാർ തല്ലിക്കൊന്നു. ഹുസൈനാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദരുവ ഗ്രാമലെ റോമി ദേവിയാണ് (22) കൊല്ലപ്പെട്ടത്. കഴിഞ്ഞ മേയ് 14നായിരുന്നു ഇവരുടെ വിവാഹം. സംഭവ ശേഷം പ്രതികളായ റോമിയുടെ ഭർത്താവ് സഞ്ജിത്ത്, പിതാവ് ശങ്കർ സിംഗ്, മാതാവ് പർവതിയ ദേവി, ബന്ധുക്കളായ മനിഷ് സിംഗ്, പൂജ ദേവി എന്നിവർ ഒളിവിലാണ്.

റോമിക്ക് സ്ത്രീധനമായി എട്ടു ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ കൂടുതൽ പണം ആവശ്യപ്പെട്ട് റോമിയെ ഭർത്തൃ വീട്ടുകാർ നിരന്തരം ഉപദ്രവിച്ചിരുന്നെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഹുസൈനാബാദ് സബ്-ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റി.