
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന ഒരുക്കിയിരുന്നത് പോരാട്ടത്തിനു കളമൊരുക്കുന്ന തരത്തിൽ വിപുലമായ താവളവും സൗകര്യങ്ങളും. പുറത്തുവന്ന പുതിയ ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ഇത് വ്യക്തമായത്. അധിനിവേശം നടത്തിയിരുന്ന സ്ഥലത്തു നിന്ന് ചൈനീസ് സേന മൂന്ന് കിലോമീറ്ററോളം പിൻവാങ്ങിയതായി ചിത്രങ്ങളിൽ കാണാം. 2020ൽ ഇന്ത്യൻ സൈന്യം പട്രോൾ നടത്തിയിരുന്ന പ്രദേശത്തിനടുത്ത് യഥാർത്ഥ നിയന്ത്രണരേഖ കടന്ന് ചൈനീസ് സൈന്യം പ്രധാന താവളം ഒരുക്കിയതിനെ തുടർന്ന് ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ വിള്ളലുണ്ടായിരുന്നു. പിന്നീട് നടന്ന ചർച്ചകളിലൂടെ നടപ്പാക്കിയ പരസ്പര പിന്മാറ്റ കരാറിന്റെ ഭാഗമായാണ് ചൈനീസ് സൈന്യത്തിന്റെ പിന്മാറ്റം. ഇന്ത്യയുടെ പിൻമാറ്റം ഷാങ്ഹായ് ഉച്ചകോടിക്ക് മുമ്പായി കഴിഞ്ഞ തിങ്കളാഴ്ചയോടെ പൂർത്തിയാക്കിയിരുന്നു.
ഉപഗ്രഹചിത്രങ്ങൾ പിൻമാറ്റത്തിന് ശേഷവും മുമ്പും
പിന്മാറ്റത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈന സ്ഥാപിച്ചിരുന്ന താവളവും പോരാട്ട കേന്ദ്രങ്ങളും വ്യക്തമാവുന്നത്. കരാറിന്റെ ഭാഗമായി സൃഷ്ടിച്ച ബഫർ മേഖലയുടെയോ അതിർത്തി പ്രദേശത്തിന്റെയോ വ്യാപ്തി ചിത്രങ്ങളിൽ കാണിക്കുന്നില്ല.
2020ൽ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ചൈനീസ് കടന്നുകയറ്റത്തിന് മുമ്പ് ഇന്ത്യൻ സൈന്യം പട്രോളിംഗ് നടത്തുന്ന പ്രദേശത്തിന് സമീപം നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് സൈന്യത്തിന്റെ ഒരു വലിയ നിർമ്മിതി ആഗസ്റ്ര് 12ലെ പിന്മാറ്റത്തിന് മുമ്പുള്ള ചിത്രത്തിൽ വ്യക്തമാണ്. പോരാട്ടത്തിന് എല്ലാവിധ സൗകര്യങ്ങളുമുള്ളതാണ് ഈ കെട്ടിടം. കിടങ്ങുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന കെട്ടിടത്തിനു സമീപം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, ആക്രമണത്തിനും പ്രതിരോധത്തിനുമായി സൈന്യം തയ്യാറാക്കിയിട്ടുള്ള ദ്വാരങ്ങളും സജ്ജമാക്കിയിട്ടുള്ള പീരങ്കികളും കാണാം. ഈ കെട്ടിടം പൊളിച്ചതായും അവ വടക്കു ഭാഗത്തുള്ള താത്കാലിക സ്ഥാനത്തേക്ക് മാറ്റിയതായും സെപ്തംബർ 15ലെ ചിത്രത്തിൽ കാണാം.
ഷാങ്ഹായ് ഉച്ചകോടിയിൽ കൈകൊടുക്കാതെ മോദിയും ഷീയും
ഗോഗ്രയിലെ സൈനിക പിന്മാറ്റം സെപ്തംബർ 12ന് പൂർത്തിയായതിന് പിന്നാലെ നടന്ന ഉസ്ബക്കിസ്ഥാനിലെ എസ്.സി. ഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിലുള്ള ചർച്ചകൾ നടന്നേക്കുമെന്ന ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാൽ, 2020ലെ ഗാൽവാൻ ഏറ്റുമുട്ടലിനു ശേഷം ആദ്യമായി എസ്.സി.ഒ ഉച്ചകോടിക്കിടെ ഇരുവരും കണ്ടുമുട്ടിയെങ്കിലും പരസ്പരം കൈ കൊടുക്കുകയോ ഔദ്യോഗിക- അനൗദ്യോഗിക സംഭാഷണങ്ങൾ ഉണ്ടാവുകയോ ചെയ്തില്ല.
ചൈനീസ് സൈന്യത്തെ യഥാർത്ഥ നിയന്ത്രണ രേഖയിൽ തിരികെയെത്തിക്കാനുള്ള ഏക മാർഗം പരസ്പര പിന്മാറ്രവും ബഫർ മേഖലകളുടെ സൃഷ്ടിയുമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ത്യൻ ഭൂപ്രദേശത്തുള്ള ഈ ബഫർ മേഖലകളിൽ ഇന്ത്യൻ സൈന്യത്തിനോ ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസിനോ പട്രോൾ നടത്താൻ കഴിയില്ല. അതേസമയം, ഗോഗ്രയുടെ വടക്കു ഭാഗത്തുള്ള ഡെപ്സാങ് സമതലത്തിൽ ചൈനീസ് സൈന്യം ഇന്ത്യൻ പട്രോളിംഗ് സ്ഥാനങ്ങൾ തടയുന്നത് തുടരുകയാണെന്നാണ് വിവരം. പിന്മാറ്റ കരാറനുസരിച്ചുള്ള പുരോഗതി ഈ മേഖലയിൽ ഉണ്ടായിട്ടില്ല.