dollar

മുംബയ്: ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരത്തിൽ കനത്ത ഇടിവ് തുടർക്കഥയാകുന്നു. സെപ്‌തംബർ 9ന് സമാപിച്ച ആഴ്‌ചയിൽ 223.4 കോടി ഡോളർ ഇടിഞ്ഞ് ശേഖരം 50,087.1 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ ഇടിവ് 794.1 കോടി ഡോളറായിരുന്നു.

വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 251.9 കോടി ഡോളർ താഴ്‌ന്ന് 48,959.8 കോടി ഡോളറാണ്. കരുതൽ സ്വർണശേഖരം 34 കോടി ഡോളർ മെച്ചപ്പെട്ട് 3,864.4 കോടി ഡോളറിലെത്തി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയ ശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനവും ശേഖരത്തിൽ പ്രതിഫലിക്കും.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാൻ ശേഖരത്തിൽ നിന്ന് റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റൊഴിഞ്ഞതും തിരിച്ചടിയാണ്.

$14,158.2 കോടി

കഴിഞ്ഞവർഷം സെപ്‌തംബർ മൂന്നിന് സമാപിച്ച ആഴ്ചയിൽ രേഖപ്പെടുത്തിയ 64,245.3 കോടി ഡോളറാണ് ഇന്ത്യ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന വിദേശ നാണയശേഖരം. തുടർന്ന് ഇതുവരെ നേരിട്ടനഷ്‌ടം 14,158.2 കോടി ഡോളറാണ്.