
തിരുവനന്തപുരം: ഫോർട്ട് വാർഡിലെ റോഡുകൾ സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്‌മാർട്ടാക്കാൻ ശ്രമിച്ചപ്പോൾ ദുരിതത്തിലായത് ജനം. 2020ലാണ് സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡിലെ റോഡുകൾ നവീകരിക്കാനുള്ള നിർമ്മാണം ആരംഭിച്ചത്.
തുടങ്ങി രണ്ടുവർഷം കഴിഞ്ഞിട്ടും റോഡുപണികൾ ഇതുവരെയും പൂർത്തിയായില്ല. പല റോഡുകളും സഞ്ചാരയോഗ്യമല്ലാത്ത തരത്തിൽ കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. ആദ്യം നിർമാണം ആരംഭിച്ച കൊത്തളം റോഡിലെ പണികൾ ഇതുവരെയും പൂർത്തിയായിട്ടില്ല. കോട്ടയ്‌ക്കകം താലൂക്ക് ഓഫീസിനു മുന്നിലെ റോഡ്, പദ്മാനഗർ റോഡ്, അനന്തൻ കാട് റോഡ് എന്നിവിടങ്ങളിൽ പേരിന് പണി തുടങ്ങിയെന്നുമാത്രം. വാർഡിൽ തന്നെയുള്ള വീക്ഷിതർ തെരുവ്, തമ്മൻ തെരുവ്, അയ്യാ വാദ്യാർ തെരുവ് എന്നിവിടങ്ങളിലെ റോഡുകളിൽ ഭാഗികമായി പണി പൂർത്തിയായെങ്കിലും പൂർണമായും സഞ്ചാര യോഗ്യമായിട്ടില്ല.
താലൂക്ക് ഓഫീസ് മുതൽ അട്ടക്കുളങ്ങര പോസ്റ്ര് ഓഫീസിന് മുൻവശം വരെ നീണ്ടുകിടക്കുന്ന ചരിത്ര വീഥി റോഡ് കുത്തിപ്പൊളിച്ച് ഓട നിർമിക്കാനുള്ള കുഴിയെടുത്തതും ഓട വാർക്കാനുള്ള കമ്പികളും കെട്ടിയതൊഴിച്ചാൽ മറ്റൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കെട്ടിയ കമ്പികൾ ഇപ്പോൾ തുരുമ്പിച്ചു തുടങ്ങി. താലൂക്ക് ഓഫീസ്, ഹെൽത്ത് ഇൻസ്‌പെക്ടറുടെ കാര്യാലയം, വനിതാ സമിതിയുടെ ഓഫീസ്, കോർപ്പറേഷൻ ഗാരേജ്, ഗവൺമെന്റ് കോട്ടേഴ്സുകൾ എന്നിവയുടെ മുന്നിലുള്ള പ്രധാന റോഡാണിത്. നിശ്ചിത സമയത്തിനുള്ളിൽ പണികൾ പൂർത്തീകരിച്ചില്ലെന്ന കാരണം പറഞ്ഞ് നിർമ്മാണത്തിന് ആദ്യമുണ്ടായിരുന്ന കരാറുകാരെ ഒഴിവാക്കി. അന്നുമുതൽ റോഡുപണി താളംതെറ്റി. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ ഈ റോഡുകൾ ടാർചെയ്യാനോ കോൺക്രീറ്റ് ചെയ്യാനോ നടത്താനാകാത്ത സ്ഥിതിയാണെന്ന് വാർഡ് കൗൺസിലർ എസ്. ജാനകി അമ്മാൾ പറയുന്നു. റോഡുകളുടെ പണി പൂർത്തിയാക്കാനുള്ള പുതിയ ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്ന് നഗരസഭ വിശദീകരിക്കുമ്പോഴും റോഡുകളുടെ അവസ്ഥയ്‌ക്ക് മാറ്റമില്ല.
നിർമാണം പൂർത്തിയാകാത്ത റോഡുകൾ
കോട്ടയ്ക്കകം താലൂക്ക് ഓഫീസ് - അട്ടക്കുളങ്ങര
പോസ്റ്റ് ഓഫീസ് റോഡ് (ചരിത്രവീഥി റോഡ്)
കൊത്തളം റോഡ്
പദ്മാനഗർ റോഡ്
അനന്തൻകാട് റോഡ്
ഭാഗികമായി പൂർത്തിയായവ
വീക്ഷിതർ തെരുവ് റോഡ്
തമ്മനം തെരുവ് റോഡ്
അയ്യാ വാദ്യാർ തെരുവ് റോഡ്
'റോഡിന്റെ ദയനീയാവസ്ഥ കാരണം ജനങ്ങൾ വളരെ ബുദ്ധിമുട്ടിലാണ്. എത്രയും വേഗം
നിർമാണം പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണം '
ജാനകി അമ്മാൾ. എസ്, ഫോർട്ട് വാർഡ് കൗൺസിലർ