
ലക്നൗ: സ്കൂൾ അദ്ധ്യാപകനെയും വിദ്യാർത്ഥിയെയും കാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ സഹരൻപൂരിലെ സ്കൂളിൽ അദ്ധ്യാപകനായ വീരേന്ദ്രയെയും (40), പതിനേഴ് വയസുള്ള ഒമ്പതാം ക്ലാസുകാരിയെയുമാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും അടുപ്പത്തിലായിരുന്നെന്നും സെപ്തംബർ മൂന്ന് മുതൽ ഇവരെ കാണാതായെന്നും എ.എസ്.പി വിപിൻ ടാഡ പറഞ്ഞു. അതേസമയം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ നിരന്തരം മാറിക്കൊണ്ടിരുന്നതിനാൽ കണ്ടെത്താനായില്ല.
ഇതിനിടെ ചൊവ്വാഴ്ച വൈകിട്ട് പ്രദേശത്ത് ദുർഗന്ധം പരന്നതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ജീർണിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ പത്ത് ദിവസം മുമ്പ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. സമീപത്തു നിന്ന് ബൈക്കും കണ്ടെത്തി.