
ദുർഗ്: തന്റെ കറുത്ത നിറത്തെ നിരന്തരം പരിഹസിച്ച ഭർത്താവിനെ യുവതി കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഛത്തീസ് ഗഡിലെ ദുർഗ് ജില്ലയിലെ സംഗീത സോൻവാനിയാണ് (30) ഭർത്താവ് ആനന്ദ് സോൻവാനിയെ (40)യാണ് കൊലപ്പെടുത്തിയത്. സംഗീതയെ പൊലീസ് അറസ്റ്റ് ചെയ്തു.
അമലേശ്വർ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഗീതയെ നിറത്തിന്റെ പേരിൽ ആനന്ദ് നിരന്തരം പരിഹസിക്കുമായിരുന്നെന്നും ഇതേത്തുടർന്ന് ഇവർ വഴക്കിടുമായിരുന്നെന്നും പ്രാഥമികാന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടതായി പൊലീസ് സബ്ഡിവിഷൻ ഓഫീസർ ദേവാൻഷ് റാത്തോർ പറഞ്ഞു. ഞായറാഴ്ച രാത്രി ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് പ്രകോപിതയായ സംഗീത വീട്ടിലുണ്ടായിരുന്ന കോടാലി കൊണ്ട് ഭർത്താവിനെ ആക്രമിക്കുകയായിരുന്നു. ആനന്ദ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.
പിറ്റേന്ന് രാവിലെ ഭർത്താവിനെ ആരോ കൊന്നെന്ന് സംഗീത പറഞ്ഞു പരത്തി. എന്നാൽ പൊലീസ് ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിച്ചു. ആനന്ദിന്റെ രണ്ടാം ഭാര്യയാണ് സംഗീത.