chattambiswami

തിരുവനന്തപുരം: അക്ഷരം പകർന്നു കൊടുക്കുന്നത് അറിവിലേക്ക് തുറന്നു വിടുന്നതുപോലെയാണെന്നും നൂതന സാങ്കേതികവിദ്യയും പാരമ്പരാഗത രീതിയും ഉൾക്കൊള്ളിച്ച് അറിവ് നേടണമെന്നും സ്‌പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതി സംഘടിപ്പിച്ച അക്ഷര പൂജയുടെയും നൃത്തോത്സവത്തിന്റെയും നാലാംദിന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഭദ്രദീപം തെളിച്ച് നവരാത്രി സന്ദേശം നൽകി​. മനുഷ്യൻ ഇന്നോളം ആർജിച്ച അറിവിന്റെയെല്ലാം അടിസ്ഥാനം പ്രായോഗികതയാണെന്നും അത്തരത്തിലുള്ള അറിവുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ടുള്ളതാണ് നവരാത്രി ഉത്സവവും അക്ഷരപൂജയുമെന്ന് അദ്ദേഹം പറഞ്ഞു.ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി പ്രസിഡന്റ് ഡോ. ജി. രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. ആറ്റുകാൽ വാർഡ് കൗൺസിലർ ഉണ്ണികൃഷ്‌ണൻ, ചാല ഏരിയ കമ്മിറ്റി അംഗം അഡ്വ.സജാദ്, സംഘാടക സമിതി അംഗം കെ. സദാശിവൻ നായർ, പി.ആർ.ഡബ്ല്യൂ.എ സെക്രട്ടറി രമേഷ് കുമാർ എന്നിവർ സംസാരിച്ചു. ഡോ. ജി. അജയകുമാർ, മാനസി ദേവി, കെ. സദാശിവൻ നായർ എന്നിവരെ പുരസ്‌കാരം നൽകി ആദരിച്ചു. മണക്കാട് രാമചന്ദ്രൻ സ്വാഗതവും ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതി വൈസ് പ്രസിഡന്റ് പ്രൊഫ. ഡോ. ശ്രീവത്സൻ നമ്പൂതിരി നന്ദിയും പറഞ്ഞു.