boat

ഗുവാഹത്തി: അസാമിലെ ധുബ്രി ജില്ലയിൽ ബ്രഹ്മപുത്ര നദിയിൽ ബോട്ട് മുങ്ങി പത്തു പേരെ കാണാതായി. ഇന്നലെ രാവിലെ 10.30നാണ് അപകടമുണ്ടായത്. മണ്ണൊലിപ്പ് ബാധിത പ്രദേശം പരിശോധിച്ച ശേഷം മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്ന സർക്കിൾ ഓഫീസർ സഞ്ജു ദാസിനെയും കാണാതായി. 29 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് ദുരിത നിവാരണ അതോറിട്ടി അറിയിച്ചു.

എന്നാൽ 50 പേർ ഉണ്ടായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളത്തിലെ പോസ്റ്റിൽ ബോട്ട് ഇടിച്ചതാണ് അപകടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. നിരവധി പേരെ നാട്ടുകാർ രക്ഷിച്ചു. ചിലർ നീന്തി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴക്കടൽ മുങ്ങൽ വിദഗ്ദ്ധരെയടക്കം സംഭവ സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്.