തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത കാമ്പെയിനിന്റെ ഭാഗമായി നാളെ രാവിലെ 7.30ന് കാട്ടാക്കട നരുവാംമൂട് ട്രിനിറ്റി കോളേജ് ഗ്രൗണ്ടിൽ 1500 വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ടുള്ള കളരി മാസ് ഡ്രിൽ സംഘടിപ്പിക്കുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാട്ടാക്കട നിയോജക മണ്ഡലത്തിൽ മയക്കുമരുന്നിനെതിരായ പൊതു ബോധം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന 'കൂട്ട്' എന്ന പദ്ധതിയുടെ ഭാഗമായാണ് കളരി മാസ് ഡ്രിൽ സംഘടിപ്പിക്കുന്നത്. കൗമുദി ചാനൽ ചീഫ് ഒഫ് പ്രോഗ്രാംസ് മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള അഗസ്ത്യം കളരിയാണ് കളരി മാസ് ഡ്രില്ലിന് നേതൃത്വം നൽകുന്നത്. കാട്ടാക്കട മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും ലഹരി വിമുക്ത ക്വിസ് മത്സരം നടത്തിയാണ് മാസ് ഡ്രില്ലിനുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്.

അഗസ്ത്യം മർമ്മ കളരി,സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്,എക്സൈസ് വകുപ്പ്,വിമുക്തി, പൊലീസ്,തദ്ദേശ സ്ഥാപനങ്ങൾ, യുവജന ക്ഷേമ ബോർഡ്, റസിഡന്റ്‌സ് അസോസിയേഷനുകൾ, യുവജന സംഘടനകൾ, എൻ.എസ്.എസ്,സ്റ്റുഡൻസ് പൊലീസ് കേഡറ്റ്, എൻ.സി.സി, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്, ഫോർത്ത് വേ ഫൗണ്ടേഷൻ,ട്രിനിറ്റി എൻജിനിയറിംഗ് കോളേജ് എന്നിവർ സംയുക്തമായാണ് മാസ് ഡ്രിൽ സംഘടിപ്പിക്കുന്നത്. കൗമുദി ചാനൽ ചീഫ് ഒഫ് പ്രോഗ്രാംസ് മഹേഷ് ഗുരുക്കൾ,ട്രിനിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ.അരുൺ,ബി.ആർ.സി കൺവീനർ എൻ.ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.