class-room

ല‌ക്‌നൗ: രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മുറിയിൽ പൂട്ടിയിട്ട ശേഷം സ്കൂൾ ജീവനക്കാർ തിരഞ്ഞെടുപ്പ് ജോലിക്ക് പോയി. ഉത്തർപ്രദേശിലെ സെഗ്ദ പിർ പ്രദേശത്തുള്ള സാൻവിലിയൻ വിദ്യാലയത്തിലെ വിദ്യാർത്ഥിക്കാണ് ദുരവസ്ഥയുണ്ടായത്. വ്യാഴാഴ്ച പ്രദേശത്ത് ബ്ലോക്ക് തല യൂണിയൻ തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നതിനാൽ അദ്ധ്യാപകരും ഹെഡ്മാസ്റ്ററും നേരത്തെ പോകുകയായിരുന്നു. കരച്ചിൽ കേട്ട നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. മുറി തുറക്കാൻ ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. ഇതേസമയം കുട്ടി തിരികെ എത്താത്തതിനെത്തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തുകയും ചെയ്തു. ക്ലാസ് മുറിയിലിരുന്ന് പെൺകുട്ടി കരയുന്നതിന്റെയും സഹായം അഭ്യർത്ഥിക്കുന്നതിന്റെയും വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഹെഡ്മാസ്റ്ററെയും നാല് അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും സസ്പെൻഡ് ചെയ്തതായി ബി.എസ്.എ ബി.കെ ശർമ്മ പറഞ്ഞു.

ഇത് സ്കൂളിന്റെ ഭാഗത്തു നിന്നുള്ള കടുത്ത അനാസ്ഥ ആണെന്നും ഉത്തരവാദികളായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടിയെടുക്കുമെന്നും ശർമ്മ പറഞ്ഞു. ഈ മാസം ആദ്യം സംഭാൽ ജില്ലയിൽ ഏഴു വയസുകാരിയെ സ്കൂൾ മുറിയിൽ 18 മണിക്കൂർ പൂട്ടിയിട്ടതും വലിയ ചർച്ചയായിരുന്നു.