ആര്യ പോലും മാതാപിതാക്കളോട്  അധികം സ്നേഹം പ്രകടിപ്പിക്കുന്നത് സൈറയ്ക്ക് ഇഷ്ടമില്ല. ആര്യ അവരെ തൊടുന്നതോ മറ്റോ കണ്ടാൽ സൈറ
ഓടിയെത്തി  തട്ടിമാറ്റും. യുക്രെയ്നിൽ നിന്നു വന്ന െെസബീരിയൻ ഹസ്കി െെസറയുടെ വിശേഷ ങ്ങളിൽ

മൂന്നാറിലെ വീട്ടിൽ ഓടിചാടി നടക്കുന്ന ആര്യയുടെ സ്വന്തം സൈറയ്ക്ക് പ്രായം പതിനൊന്ന് മാസമായി . യുക്രെയിനിലെ യുദ്ധഭൂമിയിൽ നിന്ന് പ്രാണരക്ഷാർത്ഥം ആര്യയ്ക്കൊപ്പം നാട്ടിലെത്തിയ പഴയ നാണം കുണുങ്ങി സൈബീരിയൻ ഹസ്കി അല്ല അവളിപ്പോൾ. തനി മലയാളി പെൺകൊടി. യുക്രെയിനിലെ തണുപ്പിന്റെയത്ര വരില്ലെങ്കിലും മൂന്നാറിലെ കാലാവസ്ഥയുമായി അവൾ ഇണങ്ങി. 
ആര്യ പകൽ മൂന്നാറിലെ ആശുപത്രിയിൽ പരിശീലനത്തിനു പോയി തുടങ്ങിയതോടെ അമ്മ കൊച്ചുറാണിയോടും അച്ഛൻ ആൽഡ്രിനോടുമാണ് സൈറയ്ക്കിപ്പോൾ കൂടുതൽ അടുപ്പം. ആര്യ പോലും മാതാപിതാക്കളോട് അധികം സ്നേഹം പ്രകടിപ്പിക്കുന്നത് സൈറയ്ക്ക് ഇഷ്ടമില്ല. ആര്യ അവരെ കെട്ടിപിടിക്കുകയോ മറ്റോ ചെയ്യുന്നത് കണ്ടാൽ സൈറ ഓടിയെത്തി തട്ടിമാറ്റും. പകൽ അച്ഛനും അമ്മയ്ക്കുമൊപ്പവും വൈകിട്ട് ആര്യ എത്തിയാൽ അവൾക്കൊപ്പവും കഴിയുന്നതാണ് സൈറയുടെ സന്തോഷം. വൈകിട്ട് ആര്യ ജോലി കഴിഞ്ഞെത്തിയാൽ പിന്നെ പുറകിൽ നിന്ന് മാറില്ല. ഇരുവരും ഒരുമിച്ച് ഒരു മുറിയിലാണ് ഉറക്കം. സൈറയ്ക്കായി മുറിക്കുള്ളിൽ പ്രത്യേകം കൂട് ഒരുക്കിയിട്ടുണ്ട് ആര്യ. ഇഷ്ടവും സ്നേഹവുമെല്ലാം പ്രകടിപ്പിക്കാൻ പ്രത്യേക രീതിയിൽ ശബ്ദമുണ്ടാക്കുന്നത് ഹസ്കികളുടെ പ്രത്യേകതയാണ്. ആര്യയോ അമ്മയോ എന്തെങ്കിലും പറഞ്ഞാൽ സൈറയും തിരിച്ചു സംസാരിക്കുന്നതുപോലെ ചില ശബ്ദങ്ങളുണ്ടാക്കും. 
സൈറ ആര്യയ്ക്കൊപ്പമല്ലാതെ വീടിന് പുറത്തിറങ്ങാറില്ല. പരിചയമില്ലാത്തവരോടും മറ്റു നായ്ക്കളോടും അക്രമണ സ്വഭാവമൊന്നും കാണിക്കാറില്ല അവൾ. കുരയ്ക്കുന്നത് തന്നെ തീരെ കുറവാണ്. സൈറ തനി മലയാളിയായതിന് മറ്റൊരു ഉദാഹരണമാണ് ചോറിനോടുള്ള കൊതി. ചോറും കറിയുമാണ് ഇപ്പോൾ അവളുടെ ഇഷ്ടഭക്ഷണം. ഡോഗ് ഫുഡായ പെഡിഗ്രീയും പച്ചക്കറികളും കഴിക്കും. മത്തങ്ങ വേവിച്ച് ഉപ്പിട്ടും ചിക്കൻ അധികം മസാലയില്ലാതെ മഞ്ഞപൊടി ചേർത്തും നൽകാറുണ്ട്. യുക്രെയിനിൽ നിന്നെത്തി ആദ്യത്തെ കുറച്ച് നാൾ സൈറയ്ക്ക് ചെറിയ ക്ഷീണമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉഷാറായി. 25 കിലോയ്ക്ക് മുകളിൽ തൂക്കമുണ്ട്. എങ്കിലും ആര്യ കൈയിലെടുത്തു ഓമനിച്ചില്ലെങ്കിൽ അവൾ പിണങ്ങും. തൃപ്പൂണിത്തുറയിലെ ഡോ. കിഷോറിന്റെ പക്കൽ ഇടയ്ക്ക് ചെക്കപ്പിന് കൊണ്ടുപോകും. എന്തെങ്കിലും അത്യാവശ്യം വന്നാൽ അടിമാലിയിലെ ഡോക്ടറെ കാണിക്കും. ചെറിയ ദഹനപ്രശ്നങ്ങളല്ലാതെ ഇതുവരെ കാര്യമായ കുഴപ്പമൊന്നുമുണ്ടായിട്ടില്ല. 
വണ്ടിപ്പെരിയാർ സ്വദേശിയായ ആൽഡ്രിനും കുടുംബവും മൂന്നാർ ലോക്ഹാർട്ട് എസ്റ്റേറ്റിലെ ക്വാർട്ടേഴ്സിലാണ് താമസം. അവിടെ ഫീൽഡ് ഓഫീസറാണ് ആൽഡ്രിൻ. സീനിയർ വിദ്യാർത്ഥികളിലൊരാളാണ് രണ്ട് മാസം പ്രായമുള്ളപ്പോൾ സൈറയെ ആര്യയ്ക്ക് നൽകിയത്. കീവിലെ വെനീസ നാഷണൽ പിർഗോവ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് ആര്യ.
പഠനം തുടരും
രണ്ട് മാസം മുമ്പ് യുക്രെയിനിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് സെപ്തംബർ മുതൽ ക്ലാസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരുന്നു. ഓൺലൈനായോ ഓഫ്ലൈനായോ ക്ലാസിൽ പങ്കെടുക്കാം. തത്കാലം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാണ് ആര്യയുടെ തീരുമാനം. ഡിസംബറോടെ യുക്രെയിനിലേക്ക് പോകാനാണ് ആലോചിക്കുന്നത്. അപ്പോഴേക്കും യുദ്ധം തീരുമെന്നാണ് പ്രതീക്ഷ. ജൂൺ ആദ്യവാരം വരെ ഓൺലൈൻ ക്ലാസുണ്ടായിരുന്നു. ഇപ്പോൾ അവധിയാണ്.
കച്ചുവിനെ  മറക്കാനാകില്ല
യുക്രെയിനിൽ നിന്ന് അരുമയായ സൈറയെയും കൂട്ടി നാട്ടിലെത്തുന്നതിന് മണിക്കൂറുകൾക്കു മുമ്പ് വാഹനമിടിച്ച് ഇല്ലാതായ നാടൻ നായ്ക്കുട്ടി കച്ചുവിനെ ഓർക്കുമ്പോൾ ഇപ്പോഴും ആര്യയ്ക്ക് കണ്ണ് നിറയും. കഴിഞ്ഞവർഷം അവധിക്ക് വന്നപ്പോൾ ആര്യയുടെ നിർബന്ധപ്രകാരം പിതാവ് വാങ്ങി നൽകിയതായിരുന്നു നായ്ക്കുട്ടിയെ. ആര്യ അവന് കച്ചുവെന്ന് പേരിട്ടു. കഴിഞ്ഞ സെപ്തംബറിൽ യുക്രെയിനിലേക്ക് തിരികെ പോകുംവരെ സദാനേരവും ആര്യയ്ക്കൊപ്പമായിരുന്നു കച്ചു. യുക്രെയിനിൽ നിന്നുള്ള വീഡിയോ കോളിൽ ആര്യയെ കാണുമ്പോൾ കച്ചു വാലാട്ടി സ്നേഹം പ്രകടിപ്പിക്കുമായിരുന്നു. കച്ചുവിനെ കൂട്ടിലാക്കിയാണ് ആര്യയെ കൂട്ടാൻ പിതാവ് ആൽഡ്രിനും അമ്മ കൊച്ചുറാണിയും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയത്. അവന് ഭക്ഷണം നൽകാൻ എസ്റ്റേറ്റിലെ വാച്ചറെ ഏൽപ്പിച്ചു. ഉച്ചയ്ക്ക് വാച്ചർ ഭക്ഷണം നൽകുന്നതിനിടെ കച്ചു കൂട്ടിൽ നിന്ന് ചാടി. പിന്നീട് വാഹനമിടിച്ച് ചത്തു