ഉപ്പുതറ: അതിദാരിദ്ര നിർമ്മാർജന ഉപപദ്ധതിയുടെ മൈക്രോപ്ലാൻ തയ്യാറാക്കുന്നതിന് ഉപ്പുതറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, സി. ഡി. എസ്. അംഗങ്ങൾ, പഞ്ചായത്ത്‌വാർഡ്തല സമിതി അംഗങ്ങൾ എന്നിവർക്ക് ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പരിശീലന പരിപാടി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം. ടി. ഉദ്ഘാടനം ചെയ്തു. ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ 69 കുടുംബങ്ങളാണ് അതിദരിദ്രരുടെ ലിസ്റ്റിൽ ഉള്ളത്. ഓരോ കുടുംബത്തിനും ഓരോ മൈക്രോപ്ലാൻ തയാറാക്കും. ഇതിന് ത്രിതല പഞ്ചായത്ത് പ്രതിനിധികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിലയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകുന്നത്. ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ചുറ്റുപാട്, വരുമാനം തുടങ്ങി വിവിധ മേഖലകളിൽ അന്വേഷണം നടത്തി വിശദമായ മൈക്രോപ്ലാനാണ് തയാറാക്കുന്നത്. നാല് വർഷത്തിനുള്ളിൽ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരെ മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇ. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോസഫ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കില റിസോഴ്‌സ് പേഴ്‌സൺമാരായ കെ. പുരുഷോത്തമൻ, സുജന്തി ശശിധരൻ, ബ്ലോക്ക് കോഓർഡിനേറ്റർ അഡ്വ പി. സി. തോമസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.