തൊടുപുഴ: പനി പടർന്ന് പിടിച്ചതോടെ ജില്ലയിലെ വിവിധ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലായി.രോഗങ്ങളും പകർച്ച വ്യാധികളും വിട്ടൊഴിയാതെ ആശുപത്രികൾ രോഗികളെക്കൊണ്ട് നിറയുന്ന അവസ്ഥകളാണ് .പനി, ചുമ, തല വേദന, മേലുവേദന എന്നിങ്ങനെ അസുഖങ്ങളാണ് ജനങ്ങളെ ഏറ്റവും കൂടുതലായി പിടിമുറുക്കുന്നത്. മരുന്ന് വാങ്ങി കഴിച്ച് കൃത്യമായി ചികിത്സ നടത്തിയാലും ഈ അസുഖങ്ങൾ മാസങ്ങളായിട്ടും വിട്ടു മാറുന്നില്ലെന്നും ജനങ്ങൾ പറയുന്നു.സർക്കാർ- സ്വകാര്യ ആശുപത്രികളിൽ നിന്നെല്ലാം പനിക്ക് പ്രധാനമായും നൽകുന്നത് പാരസറ്റമോൾ ഗുളികയാണ്.മൂന്ന് ദിവസത്തേക്കുള്ള മരുന്നാണ് ആശുപത്രികളിൽ നിന്ന് സാധാരണയായി രോഗികൾക്ക് നൽകുന്നത്.എന്നാൽ മൂന്ന് ദിവസത്തെ മരുന്ന് കൃത്യമായി കഴിച്ചാലും പനി, ചുമ എന്നിങ്ങനെ അസുഖങ്ങൾ പൂർണ്ണമായും വിട്ട് മാറുന്നുമില്ല. ഇത് രോഗികളേയും ആശുപത്രി അധികൃതരേയും ഒരുപോലെയാണ് ആശങ്കപ്പെടുത്തുന്നു.രക്തം,മൂത്രം,ഷുഗർ,പ്രഷർ എന്നിങ്ങനെ വിശദമായ പരിശോധനകൾ നടത്തി മറ്റ് കുഴപ്പങ്ങൾ ഇല്ലെന്ന് തെളിഞ്ഞാലും പനിയും ചുമയും പൂർണ്ണമായും ഭേദമാക്കാത്ത സ്ഥിതിയാണ് മിക്കവാറും രോഗികൾക്ക്. കുട്ടികൾ,മുതിർന്നവർ എന്നിങ്ങനെ പ്രായ വ്യത്യാസം ഇല്ലാതെ ഏത് പ്രായത്തിലുള്ളവരുടേയും അവസ്ഥ ഇതാണ്. ചില സ്ഥലങ്ങളിലുള്ള സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ലഭ്യമാക്കാത്തതും ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചില സർക്കാർ ആശുപത്രികളിൽ ലാബ് സൗകര്യം ഇല്ലാത്തതിനാൽ രോഗികൾ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്.