തൊടുപുഴ: നഗരസഭയുടെ ലോറിസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി വർക്ഷോപ്പ് ഒരു മാസത്തിനകം മാറ്റാൻ തീരുമാനം. കെ.എസ്.ആർ.ടി.സിയുടെ പുതിയ ബേ്രസ്സ്രഷൻ പ്രവർത്തനം ആരംഭിച്ചിട്ടും ലോറി സ്റ്റാന്റ് വിട്ടുകിട്ടാത്തതിനെതിരെ ലോറി തൊഴിലാളികൾ വ്യാഴാഴ്ച സമരം പ്രഖ്യാപിച്ചതിനെത്തുടർന്ന് നഗരസഭ ചെയർമാന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. അതുവരെ ലോറി സ്റ്റാന്റിൽ ലോറികൾ പാർക്ക് ചെയ്യാൻ സ്ഥലം തിരിച്ചുനൽകും.
ലോറിസ്റ്റാന്റ് 10 വർഷമായി കെ.എസ്.ആർ.ടി.സിയുടെ കൈവശമാണ്. കെ.എസ്.ആർ.ടി.സി സ്റ്റാന്റ് പുതിയ ഡിപ്പോയിലേക്ക് മാറ്റിയിട്ടും വർക്ക് ഷോപ്പ് ലോറി സ്റ്റാന്റിൽ തുടർന്നു. ലോറി സ്റ്റാന്റ് രണ്ടുവർഷത്തേക്ക് കെ.എസ്.ആർ.ടി.സിക്ക് നൽകിയ സാഹചര്യത്തിലാണ് ലോറികൾ കാഞ്ഞിരമറ്റം ബൈപാസിന്റെ ഇരുവശത്തുമായി പാർക്ക് ചെയ്തുവന്നത്. തുടർന്ന്, ഈ റോഡിൽ അപകടം നിത്യസംഭവമായി. സി.ഐ.ടി.യു ലോറി തൊഴിലാളി യൂണിയൻ നഗരസഭ ചെയർമാനും കെ.എസ്.ആർ.ടി.സി ഡി.ടി.ഒക്കും 10 ദിവസം മുമ്പ് നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. വ്യാഴാഴ്ച രാവിലെ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എം. ബാബുവിന്റെ നേതൃത്വത്തിൽ ലോറികൾ സ്റ്റാന്റിൽ കയറ്റിയിട്ട് സമരം പ്രഖ്യാപിച്ചു. തുടർന്നാണ് നഗരസഭ ചെയർമാൻ സനീഷ് ജോർജ് യൂണിയൻ നേതാക്കളെയും കെ.എസ്.ആർ.ടി.സി അധികൃതരെയും ചർച്ചക്ക് വിളിച്ചത്. സമര പ്രഖ്യാപന യോഗത്താൽ ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ.എം. ബാബു സമരം ഉദ്ഘാടനം ചെയ്തു. എം.എസ്. സന്തോഷ്, റിയാസ്, സൈഫർ, ഷാജി, കബീർ ഇബ്രായി എന്നിവർ പ്രസംഗിച്ചു.