തൊടുപുഴ: വനം വന്യജീവി വകുപ്പിന്റെ ഹൈറേഞ്ച് സർക്കിൾ ഫയൽ തീർപ്പാക്കൽ അദാലത്ത് ഇന്ന് രാവിലെ 11 ന് തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ നടത്തും. പൊതുജനങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള ഫയലുകളിൽ പരമാവധി എണ്ണത്തിൽ തീർപ്പ് കൽപ്പിക്കുക എന്നതാണ് അദാലത്തിന്റെ പ്രധാന ലക്ഷ്യം. വനംവന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാഥിതിയാകും.
റേഞ്ച്, ഡിവിഷൻ, സർക്കിൾ തലങ്ങളിൽ ഫയൽ പരിശോധിച്ച് അർഹത നിശ്ചയിച്ച് അത്തരം ഫയലുകൾ അദാലത്തിൽ വച്ച് അന്തിമ തീർപ്പ് കൽപ്പിക്കുകയും അർഹരായവർക്കുള്ള ആനുകൂല്യങ്ങൾ നൽകുകയും ചെയ്യും. അർഹരായവർക്ക് അദാലത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ സൗകര്യം വനം വകുപ്പ് ഏർപ്പെടുത്തും.
ഹൈറേഞ്ച് സർക്കിൾ കോട്ടയം, വന്യജീവി സർക്കിൾ കോട്ടയം എന്നിവയുടെ പരിധിയിൽ ഉൾപ്പെടുന്ന ഓഫീസുകളെ ഉൾക്കൊള്ളിച്ചാണ് തൊടുപുഴയിൽ അദാലത്ത് നടത്തുന്നത്.