obit-seabastine
സെബാസ്റ്റ്യൻ

പീരുമേട്: പുറമ്പോക്ക് ഭൂമിയിലായിരുന്നു ജനനം, മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്,​ സ്വന്തമായി കളിയുപകരണങ്ങളില്ലായിരുന്നു... അങ്ങനെ നിരവധി പ്രതിസന്ധികളെ ക്ലീൻബൗൾഡാക്കി സെബാസ്റ്റ്യൻ മൈക്കിൾ കേരള ക്രിക്കറ്റ് അണ്ടർ- 19 ടീമിൽ ഇടംപിടിച്ചു. ഹോട്ടൽ തൊഴിലാളി മൈക്കിളിന്റെയും വീട്ടുജോലിക്കാരിയായ ശെൽവിയുടെയും മകനാണ് ഈ പതിനെട്ടുകാരൻ. പീരുമേട് സി.പി.എം ജി.എച്ച്.എസ് സ്കൂളിൽ നിന്ന് പ്ലസ്ടു പാസായ സെബാസ്റ്റ്യൻ ഫാസ്റ്റ് ബൗളിംഗിലാണ് തന്റെ കഴിവ് തെളിയിച്ചത്. സ്വന്തമായി ക്രിക്കറ്റ് കിറ്റ് ഇല്ലാത്തതിനാൽ കൂട്ടുകാരുടെ കിറ്റ് ഉപയോഗിച്ചായിരുന്നു കളിച്ചിരുന്നത്. അണ്ടർ- 19 ടീമിൽ ഇടംപിടിച്ചപ്പോഴും ഒരു കിറ്റ് വാങ്ങാൻ അവൻ ഏറെ ബുദ്ധിമുട്ടി. ആദ്യമായാണ് തോട്ടംമേഖലയിൽ നിന്നൊരാൾ കേരള ക്രിക്കറ്റ് ടീമിലെത്തുന്നതെന്ന് സെബാസ്റ്റ്യന്റെ പരിശീലകനായ രാജ്കുമാർ പറയുന്നു. മികച്ച ഫാസ്റ്റ് ബൗളറായ സെബാസ്റ്റ്യന്റെ സ്വപ്നം ഇന്ത്യൻ ടീമിൽ കയറുകയാണ്. അതിനുള്ള പരിശ്രമത്തിലാണ് ഈ പതിനെട്ടുകാരൻ. ഇപ്പോൾ തിരുവനന്തപുരത്ത് പരിശീലനത്തിലാണ്. ക്രിക്കറ്റിനെ പോലെ തന്നെ ഫുട്ബോളിനെയും സ്‌നേഹിക്കുന്ന വ്യക്തിയാണ് സെബാസ്റ്റ്യൻ. ഇഷ്ടതാരം നെയ്മറിന്റെ ചിത്രമാണ് വീട് നിറയെ.